ലണ്ടന്‍: അപ്രതീക്ഷിതമായി ഇലക്ഷന്‍ പ്രഖ്യാപനത്തിന് പിന്നാലെ ഋഷി സുനകിനെ സമ്മര്‍ദ്ദത്തിലാക്കി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. റിഫോം യുകെ നേതൃ സ്ഥാനത്തേക്കുള്ള നൈജല്‍ ഫരാഗിന്റെ തിരിച്ചുവരവ് പാര്‍ട്ടിയ്ക്ക് പുതിയ കരുത്ത് നല്‍കിയതായി സര്‍വ്വേ റിപ്പോര്‍ട്ട്. യുഗോ പോളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണ 19 ശതമാനമായി തുടരുമ്പോള്‍ റിഫോം യു കെ യുടേത് 17 ശതമാനമായി ഉയര്‍ന്നു. ഇതുവരെയുള്ള അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യു കെ യക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പിന്തുണയാണിത്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സ്‌കോര്‍.
വരുന്ന തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടി കിട്ടുമെന്നാണ് പല ഫലങ്ങളും പറയുന്നത്. ഫരാഗെയുടെ വരവ് ഋഷി സുനകിന് കനത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ടോറികളുടെയും റിഫോം യു കെയുടെയും പോയിന്റുകള്‍ മാറ്റമില്ലാതെ തുടരുമെന്നും യൂഗോ സ്ഥിരീകരിച്ചിട്ടുണ്ട്. ബിബിസി ഇതിനിടെ ഫരാഗെയും ലേബര്‍ പാര്‍ട്ടി ഉപനേതാവ് ഏയ്ഞ്ചല റെയ്നറും, കാബിനറ്റ് മന്ത്രി പെന്നി മോര്‍ഡൗണ്ടും തമ്മിലുള്ള ഡിബേറ്റ് ഒരുക്കുന്നുണ്ട്. നിലപാടില്‍ വ്യത്യസ്തനായ ഫരാഗെ ആളികത്തിയാല്‍ ഈ പരിപാടി പോലും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.