ന്യൂഡല്‍ഹി: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും പുരുഷ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാന്‍ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൗരഭ്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതികളായ ഭാര്യ മുസ്‌കന്‍ റസ്തോഗി (26), സാഹില്‍ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍, മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി. 2016-ലാണ് മുസ്‌കനും സൗരഭും കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്. അതേസമയം, സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ മുസ്‌കന്‍ സൗരഭിന്റെ ഫോണില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.