|
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു.
രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞത്. എന്നാല്‍, വിമാനം ഹീത്രുവില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ 'ഗാഢനിദ്രയിലായിരുന്നു' എന്നും പെണ്‍കുട്ടിയെ സ്പര്‍ശിച്ചത് ഓര്‍ക്കുന്നില്ലെന്നുമാണ് പിന്നീട് ജാവേദ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സംഭവം നടന്നത്. |