Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
കിംഗ്‌സ് കോളേജ് ലണ്ടന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്
Text By: UK Malayalam Pathram
കിംഗ്‌സ് കോളേജ് ലണ്ടന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയായ 'വൈസ് ചാന്‍സലര്‍ അവാര്‍ഡ്‌സ്' (Vice-Chancellor's Awards) മൂന്നാം വര്‍ഷത്തേക്കും പ്രഖ്യാപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മികച്ച വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോകുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താനാണ് സര്‍വകലാശാലയുടെ ഈ നീക്കം.

40 പേര്‍ക്ക് 5000 പൗണ്ടിന്റെ ഇളവാണ് നല്‍കുന്നത്. 2026 സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്‍ 5,000 പൗണ്ടിന്റെ (ഏകദേശം 5.4 ലക്ഷം ഇന്ത്യന്‍ രൂപ) ഇളവ് ലഭിക്കും. ഫുള്‍ ടൈം ബിരുദാനന്തര ബിരുദ പഠനത്തിന് (Postgraduate) എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. കേവലം പഠനം മാത്രമല്ല, തങ്ങള്‍ ആര്‍ജ്ജിക്കുന്ന അറിവ് സമൂഹത്തിന് എങ്ങനെ ഗുണകരമായി വിനിയോഗിക്കുമെന്ന് തെളിയിക്കുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മെയ് മാസം അവസാനം വരെയാണ് സമയം.

ലണ്ടന്‍ ക്യാമ്പസില്‍ നേരിട്ടെത്തി പഠിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങളിലെ കോഴ്‌സുകള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി ശ്രമിക്കാം:

ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്

നിയമപഠനം (Dickson Poon School of Law)

സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ് (IoPPN)

ബിസിനസ് സ്‌കൂള്‍

ലൈഫ് സയന്‍സസ് ആന്‍ഡ് മെഡിസിന്‍

നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സയന്‍സ്

നഴ്‌സിംഗ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍

സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി

യുകെയില്‍ ആദ്യമായി സംസ്‌കൃതവും ബംഗാളിയും പഠിപ്പിച്ചു തുടങ്ങിയ സര്‍വകലാശാലകളില്‍ ഒന്നാണിത്. 2024-ല്‍ ആരംഭിച്ച ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി വഴി ഇതുവരെ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം ലഭിച്ചത്. കിംഗ്‌സ് കോളേജ് ലണ്ടന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും കിംഗ്‌സ് കോളേജ് ലണ്ടന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 
Other News in this category

 
 




 
Close Window