ലണ്ടന്‍: ബ്രിട്ടനില്‍ നിയമപരമായി താമസിച്ച് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഗര്‍ഭിണിയായ ശ്രീലങ്കന്‍ യുവതിയുടെ ഭര്‍ത്താവിനും ആറുവയസ്സുകാരിയായ മകള്‍ക്കും രാജ്യം വിടാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. സ്‌കോട്‌ലന്‍ഡില്‍ താമസിക്കുന്ന 36കാരിയായ സചിന്ത വാരണകുലസൂര്യയ്ക്ക് ജോലി വിസയുള്ളപ്പോഴാണ് ആശ്രിതരായി കഴിയുന്ന ഭര്‍ത്താവ് ഇന്‍ഡിക കുമാരയ്ക്കും മകള്‍ ഹെയ്‌ലിക്കുമാണ് 'ഗോ ഹോം' കത്ത് ലഭിച്ചത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയിലുള്ള സചിന്ത ഈ മാസം 16ന് ശസ്ത്രക്രിയയിലൂടെ പ്രസവിക്കാനിരിക്കെയാണ് കുടുംബം വേര്‍പിരിയേണ്ടിവരുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പ്രസവത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു കത്ത് ലഭിച്ചത് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും മകളുടെ ഭാവിയെക്കുറിച്ച് വലിയ അനിശ്ചിതത്വമുണ്ടെന്നും സചിന്ത പ്രതികരിച്ചു.
ശ്രീലങ്കയില്‍ ഡോക്ടറായി യോഗ്യത നേടിയ സചിന്തയും പുരാവസ്തുശാസ്ത്രത്തില്‍ ബിരുദമുള്ള ഭര്‍ത്താവും ബ്രിട്ടനില്‍ നിയമാനുസൃതമായി ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. അടുത്തിടെ അഞ്ചുവയസ്സുകാരടക്കമുള്ള കുട്ടികള്‍ക്കും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2024 മാര്‍ച്ച് മുതല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും പിന്നീട് വിദേശ നിയമനങ്ങളില്‍ കൂടുതല്‍ കര്‍ശനത കൊണ്ടുവന്നതുമാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍, പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് ബ്രിട്ടനിലെത്തിയ കുടുംബങ്ങളോടും രാജ്യം വിടാന്‍ ആവശ്യപ്പെടുന്നതായി പരാതിയുണ്ട്. നിരവധി കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയത്തില്‍ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് ചില എംപിമാര്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അതേസമയം, കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്ന നയത്തില്‍ മാറ്റമില്ലെന്നും സ്ഥിരതാമസത്തിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.