ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ നയങ്ങള്‍ നീതിയുക്തമാക്കണമെന്നും കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും വിദ്യാര്‍ഥികളും യുകെ പാര്‍ലമെന്റില്‍ ഒത്തുകൂടുന്നു. തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സിലെ കമ്മിറ്റി റൂം 12ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'Challenging Injustice: For Fair Anti-Racist Immigration and Nationality Laws in Britain' എന്ന പുതിയ റിപ്പോര്‍ട്ടിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് ഒത്തുചേരല്‍. നിലവിലുള്ള അഞ്ചുവര്‍ഷത്തെ സ്ഥിരതാമസ കാലാവധിക്ക് പകരം പുതിയ 'Earned Settlement' മാതൃക നടപ്പിലാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കങ്ങളില്‍ വലിയ ആശങ്ക ഉയരുകയാണ്. പുതിയ പദ്ധതി നിലവില്‍ വന്നാല്‍ സ്ഥിരതാമസത്തിനുള്ള അര്‍ഹത നേടാന്‍ കുടിയേറ്റക്കാര്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നേക്കാമെന്നാണ് വിമര്‍ശനം.
എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെയാണ് ഈ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്റെ സാമ്പത്തിക രംഗത്തിന് നിര്‍ണായക സംഭാവന നല്‍കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതത്വത്തിലേക്കുള്ള വഴി ഇതോടെ കൂടുതല്‍ ദീര്‍ഘമാകും. വിസ സ്‌പോണ്‍സര്‍ഷിപ്പിനായി തൊഴിലുടമകളെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം ശക്തമാകുമെന്ന ആശങ്കയും റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. യൂണിവേഴ്‌സിറ്റികളിലെ താല്‍ക്കാലിക കരാര്‍ ഗവേഷകരെയും ജൂനിയര്‍ അധ്യാപകരെയും ഈ കടുത്ത നിയമങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മാസത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനും എസ്എഫ്‌ഐ യുകെയും സംയുക്തമായി നടത്തിയ സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റ തൊഴിലാളികളില്‍ നിന്നും അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച അനുഭവങ്ങളും തെളിവുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും വിസ അപേക്ഷകളിലോ സെറ്റില്‍മെന്റ് നടപടികളിലോ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി വ്യക്തമാക്കി. പത്തില്‍ നാലുപേര്‍ വിസ ഫീസും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ചെലവുകളും വലിയ സാമ്പത്തിക ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം പേര്‍ തൊഴിലിടങ്ങളിലോ താമസസ്ഥലത്തോ വംശീയ വിവേചനം അനുഭവിച്ചതായും 40 ശതമാനം പേര്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് കാരണം മികച്ച താമസസൗകര്യം ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടതായും സര്‍വേ കണ്ടെത്തി. കടുത്ത ഇമിഗ്രേഷന്‍ നയങ്ങള്‍ തങ്ങളുടെ മാനസികാരോഗ്യത്തെ ഗണ്യമായി ബാധിച്ചതായി ഏകദേശം 70 ശതമാനം പേര്‍ രേഖപ്പെടുത്തി. സാമ്പത്തിക സമ്മര്‍ദ്ദം, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, കുടുംബങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വേര്‍പാട് എന്നിവ തങ്ങളെ വേട്ടയാടുന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിസ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ പല തൊഴിലിടങ്ങളിലെയും ചൂഷണങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചിലര്‍ വെളിപ്പെടുത്തി.
സ്ഥിരതാമസ കാലാവധി നീട്ടുന്നതും വിസ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതും എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലകളിലെ ജീവനക്കാരുടെ കുറവ് കൂടുതല്‍ രൂക്ഷമാക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. വെസ്റ്റ്മിന്‍സ്റ്ററിലെത്തുന്ന ലോബി പ്രധാനപ്പെട്ട ആവശ്യങ്ങളാണ് എംപിമാരുടെ മുന്നില്‍ ഉന്നയിക്കുന്നത്. സ്ഥിരതാമസത്തിനായുള്ള നിലവിലെ അഞ്ചുവര്‍ഷത്തെ രീതി മാറ്റമില്ലാതെ സംരക്ഷിക്കുക, വിസ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും വെട്ടിക്കുറയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തൊഴിലിടങ്ങളിലെ ചൂഷണങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും പഠനത്തിന് ശേഷം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ നിലനിര്‍ത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.