Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ വര്‍ഗീയവിരുദ്ധ മഹാറാലി; കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം
reporter

ബെല്‍ഫാസ്റ്റ്: സമീപ ദിവസങ്ങളിലുണ്ടായ വര്‍ഗീയ അതിക്രമങ്ങള്‍ക്കും കുടിയേറ്റ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ വന്‍ വര്‍ഗീയവിരുദ്ധ റാലി നടന്നു. 'Together Against Hate' എന്ന പേരില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. 'വര്‍ഗീയതയ്ക്കെതിരെ പോരാടുക', 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം', 'കലാപങ്ങള്‍ ബെല്‍ഫാസ്റ്റിന്റെ ശബ്ദമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ അണിനിരന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന കത്തിക്കുത്ത് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

''സമീപ ദിവസങ്ങളില്‍ നിരവധി കുടുംബങ്ങള്‍ ഭയന്ന് വീടുകള്‍ വിട്ടുപോകേണ്ടി വന്നത് ഒരിക്കലും മറക്കാനാവില്ല. വര്‍ഗീയ ആക്രമണങ്ങള്‍ക്ക് യാതൊരു ന്യായീകരണവും ഇല്ല. നമ്മുടെ നഗരത്തില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ല,'' എന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച സംഘാടകരില്‍ ഒരാളായ ഇവാങ്ക ആന്റോവ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭയാര്‍ഥികളോടും കുടിയേറ്റ സമൂഹങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അക്രമബാധിതര്‍ക്കായി ഭക്ഷണവും സുരക്ഷയും ഒരുക്കിയ സന്നദ്ധപ്രവര്‍ത്തകരെയും അവര്‍ അഭിനന്ദിച്ചു. നഗരത്തിന്റെ പുതിയ ലോര്‍ഡ് മേയര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും റാലിയെ അഭിസംബോധന ചെയ്തു. ദാരിദ്ര്യവും സാമൂഹിക അസമത്വവും വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന ഘടകങ്ങളാണെന്നും അവ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആഴ്ച നടന്ന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റം ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. റാലിയില്‍ പങ്കെടുത്ത പലരും കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ ഭയമുണ്ടാക്കിയെങ്കിലും ശനിയാഴ്ചത്തെ ജനപങ്കാളിത്തം സമൂഹത്തിന്റെ പിന്തുണയും സുരക്ഷാബോധവും നല്‍കിയതായി പറഞ്ഞു. അക്രമമല്ല, സമാധാനപരമായ പ്രതിഷേധമാണ് ശരിയായ പ്രതികരണമെന്ന സന്ദേശവും റാലി മുന്നോട്ട് വച്ചു. ബെല്‍ഫാസ്റ്റിന് പുറമെ ലണ്ടന്‍ഡെറിയിലും വര്‍ഗീയതയ്ക്കെതിരെ പ്രത്യേക പ്രതിഷേധ റാലി സംഘടിപ്പിച്ചു. സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയണമെന്നും വിവിധ ഇടങ്ങളിലെ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

 
Other News in this category

 
 




 
Close Window