Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; പുതിയ ശമ്പള നിര്‍ദേശം അംഗങ്ങളുടെ വോട്ടെടുപ്പിന്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന്, അത് അംഗങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിടുമെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) അറിയിച്ചു. ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ വരെ നടത്താനിരുന്ന സമരം, ദീര്‍ഘകാലമായി തുടരുന്ന ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 16-ാമത്തെ സമരമായിരുന്നു. പുതിയ നിര്‍ദേശം അടുത്തകാലത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമിടാനുള്ള അവസരമാണെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാരും ബിഎംഎയും തമ്മില്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടന്നിരുന്നു. ശനിയാഴ്ചയും ചര്‍ച്ചകള്‍ തുടരുകയായിരുന്നുവെന്നും ഇതോടെയാണ് അവസാന നിമിഷത്തില്‍ സമരം ഒഴിവാക്കാനായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് ധാരണയിലേക്കുള്ള വഴി തുറന്നതെന്ന് ബിഎംഎ വ്യക്തമാക്കി.

എന്നാല്‍, മുന്‍കൂട്ടി പ്രഖ്യാപിച്ച സമരത്തെ തുടര്‍ന്ന് ഇതിനകം മാറ്റിവെച്ച ചില ചികിത്സകളും ശസ്ത്രക്രിയകളും കാരണം രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ തുടര്‍ന്നേക്കും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം 95 ശതമാനം ശസ്ത്രക്രിയകളും അപ്പോയിന്റ്‌മെന്റുകളും നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ആയിരക്കണക്കിന് സേവനങ്ങള്‍ ഇതിനകം മാറ്റിവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം 2026ല്‍ അധിക ശമ്പള വര്‍ധന ഉണ്ടാകില്ല. പകരം അടുത്ത വര്‍ഷം ശമ്പള സ്‌കെയിലുകളില്‍ വേഗത്തിലുള്ള പുരോഗതി, പുതുതായി യോഗ്യത നേടുന്ന ഡോക്ടര്‍മാര്‍ക്കായി 4,500 അധിക പരിശീലന അവസരങ്ങള്‍, പരീക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മൊത്തത്തില്‍ 33 ശതമാനം ശമ്പള വര്‍ധന ലഭിച്ചതായും ഈ വര്‍ഷം 3.5 ശതമാനം വര്‍ധന നടപ്പാക്കിയതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാരുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 40,000 പൗണ്ടിലധികമാണ്. മുതിര്‍ന്ന റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഏകദേശം 76,500 പൗണ്ട് വരെ ലഭിക്കും. രാത്രികാല ഡ്യൂട്ടികള്‍ക്കും അധിക ജോലിസമയത്തിനും മറ്റ് അലവന്‍സുകളും ലഭിക്കുന്നുണ്ട്. അതേസമയം, 2008 നുശേഷമുള്ള പണപ്പെരുപ്പം കണക്കിലെടുത്താല്‍ ഡോക്ടര്‍മാരുടെ യഥാര്‍ഥ വരുമാനം ഇപ്പോഴും ഏകദേശം 20 ശതമാനം കുറഞ്ഞ നിലയിലാണെന്നാണ് ബിഎംഎയുടെ വാദം. അംഗങ്ങള്‍ക്ക് പരിഗണിക്കാവുന്ന യോജിച്ച ഓഫര്‍ ലഭിച്ചാല്‍ സമരം ഒഴിവാക്കാമെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റി അധ്യക്ഷന്‍ ഡോ. ജാക്ക് ഫ്‌ലെച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മാറ്റിയതോടെയാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മുതല്‍ ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ബിഎംഎ ഇംഗ്ലണ്ടില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സമരം ഈ വര്‍ഷം ഏപ്രിലില്‍ ആറു ദിവസത്തേക്കാണ് നടന്നത്.

 
Other News in this category

 
 




 
Close Window