Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5348 INR  1 EURO=110.0958 INR
ukmalayalampathram.com
Mon 15th Jun 2026
 
 
UK Special
  Add your Comment comment
യുകെ കുടിയേറ്റ നിയമമാറ്റം: ഇന്ത്യക്കാര്‍ ആശങ്കയില്‍; കേന്ദ്ര-സംസ്ഥാന ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി
reporter

യുകെ കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയ ആശങ്കയില്‍. വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും, പഠനത്തിനും ജോലിക്കുമായി വായ്പ എടുത്ത് യുകെയിലേക്ക് പോയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുകെയിലേക്കുള്ള കുടിയേറ്റവും സ്ഥിരതാമസവും നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ച 'Restoring Control over the Immigration System' എന്ന വൈറ്റ് പേപ്പറിലെ നിരവധി നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണ്. ചില നിര്‍ദേശങ്ങള്‍ ഇതിനകം പ്രാബല്യത്തില്‍ വന്നപ്പോള്‍, ശേഷിക്കുന്നവ വരും മാസങ്ങളിലും വര്‍ഷങ്ങളിലും നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിരതാമസത്തിനുള്ള യോഗ്യതാ കാലയളവ് നിലവിലെ അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നിര്‍ദേശം ഇന്ത്യക്കാരെ ഉള്‍പ്പെടെ നിരവധി വിദേശ തൊഴിലാളികളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക. അതോടൊപ്പം, സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാവുന്ന ജോലികളുടെ പട്ടിക ചുരുക്കുകയും, രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പഠനാനന്തരമായി ലഭിക്കുന്ന ഗ്രാജുവേറ്റ് വിസയുടെ കാലാവധി 18 മാസമാക്കി കുറയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റം 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. യുകെയില്‍ ജോലി തേടി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ നിയമമാറ്റങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പഠനത്തിനും ജോലിക്കുമായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് യുകെയിലെത്തിയവരാണ്. ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകാതിരിക്കാന്‍ നയതന്ത്ര തലത്തിലും സംസ്ഥാന തലത്തിലും ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടായ തിരിച്ചടിയും കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ സമ്മര്‍ദവും ഇത്തരം കടുത്ത നടപടികള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. വിദേശ തൊഴിലാളികള്‍ ബ്രിട്ടീഷ് പൗരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ കൈക്കലാക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചില രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായതും കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാനുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, കേരളത്തില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പോയ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സഹായ പദ്ധതികള്‍ പരിഗണിക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window