ലണ്ടന്‍: ഹൈദരാബാദില്‍നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ ബ്രിട്ടിഷ് എയര്‍വേസ് വിമാനത്തിലെ മൂന്ന് പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തര മണിക്കൂറോളം നീണ്ട യാത്രയ്ക്കിടെ ഒരു പൈലറ്റിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഓക്സിജന്‍ നല്‍കേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സുരക്ഷിതമായി ഹീത്രൂവില്‍ ഇറക്കി. എന്നാല്‍ ലണ്ടനിലെത്തിയശേഷം ഇവരുടെയും ആരോഗ്യനില വഷളായി. യാത്രയ്ക്കുമുമ്പ് മൂവരും ഹൈദരാബാദിലെ ഹോട്ടലില്‍ ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും പുറത്തുനിന്നുള്ള വിതരണക്കാരന്‍ നല്‍കിയ കുപ്പിവെള്ളം കുടിക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി പൈലറ്റുമാരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരും എയര്‍ സേഫ്റ്റി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്നും വിമാനം സുരക്ഷിതമായാണ് ഹീത്രൂവില്‍ ഇറക്കിയതെന്നും ബ്രിട്ടിഷ് എയര്‍വേസ് വ്യക്തമാക്കി. അതേസമയം, ഹൈദരാബാദില്‍ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലിലെ ശുചിത്വത്തെക്കുറിച്ച് നേരത്തെയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൈലറ്റുമാരുടെ സംഘടനയായ ബ്രിട്ടിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (BALPA) അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ ജീവനക്കാരുടെ താമസസൗകര്യം പുനഃപരിശോധിച്ചുവരികയാണെന്ന് ബ്രിട്ടിഷ് എയര്‍വേസ് വ്യക്തമാക്കി.