Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്‍ക്കരണം; പ്രതിഷേധവുമായി ചൈന
reporter

ലണ്ടന്‍: ചൈനീസ് സ്റ്റീല്‍ കമ്പനിയായ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്‍ക്കരിക്കാനുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചൈന രംഗത്തെത്തി. നടപടി ജിംഗ്യേ ഗ്രൂപ്പിന്റെ നിയമപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ദേശീയ സുരക്ഷയും പൊതുതാല്‍പര്യവും സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 2020 മുതല്‍ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു ബ്രിട്ടിഷ് സ്റ്റീല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കിലും ഉടമസ്ഥാവകാശം ജിംഗ്യേയ്ക്കുതന്നെയായിരുന്നു. പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയതോടെയാണ് കമ്പനിയെ പൂര്‍ണമായി ദേശീയവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കണ്‍തോര്‍പ്പിലെ ബ്രിട്ടിഷ് സ്റ്റീല്‍ പ്ലാന്റില്‍ 2,700ലേറെ പേര്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമേ ആയിരക്കണക്കിന് അനുബന്ധ തൊഴിലവസരങ്ങളും പ്ലാന്റിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പ്ലാന്റ് അടച്ചുപൂട്ടിയാല്‍ പുതിയ സ്റ്റീല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയില്ലാത്ത ഏക ജി7 രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ടായിരുന്നു.

ബ്രിട്ടനില്‍ മറ്റൊരിടത്തും നിര്‍മിക്കാത്ത ചില പ്രത്യേകതരം സ്റ്റീലുകള്‍ സ്‌കണ്‍തോര്‍പ്പ് പ്ലാന്റിലാണ് ഉല്‍പാദിപ്പിക്കുന്നത്. റെയില്‍വേ നിര്‍മാണം ഉള്‍പ്പെടെയുള്ള സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഈ സ്റ്റീല്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നഷ്ടത്തിലായ കമ്പനിയെ നിലനിര്‍ത്താന്‍ പ്രതിദിനം ഏകദേശം 13 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ വ്യവസായ സുരക്ഷയും സ്റ്റീല്‍ വിതരണശൃംഖലയുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് ദേശീയവല്‍ക്കരണമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അതേസമയം, 1986ലെ ചൈന-യുകെ ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. ദേശീയവല്‍ക്കരണം ജിംഗ്യേ ഗ്രൂപ്പിന്റെ അവകാശങ്ങള്‍ ലംഘിച്ചതാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ചൈന വ്യക്തമാക്കി. നടപടി ബ്രിട്ടന്‍-ചൈന ബന്ധത്തില്‍ പുതിയ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window