Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1489 INR  1 EURO=110.1807 INR
ukmalayalampathram.com
Thu 23rd Jul 2026
 
 
UK Special
  Add your Comment comment
യുകെയിലെ തടവുകാരുടെ നേരത്തെയുള്ള മോചനപദ്ധതി പുനഃപരിശോധിക്കും: ആന്‍ഡി ബേണെം
reporter

ലണ്ടന്‍: യുകെയില്‍ തടവുകാര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് ജയില്‍മോചനം അനുവദിക്കുന്ന പദ്ധതി വിശദമായി പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ പി.സി. ആന്‍ഡ്രൂ ഹാര്‍പ്പറുടെ ഘാതകര്‍ക്ക് നേരത്തേ മോചനം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ആയിരക്കണക്കിന് തടവുകാരുടെ നേരത്തെയുള്ള മോചനത്തിന് വഴിയൊരുക്കുന്ന സെന്റന്‍സിങ് ആക്ട് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിവാദം ശക്തമായത്. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പുനല്‍കാനാകില്ലെങ്കിലും നടപ്പാക്കുന്നതിനുമുമ്പ് എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ബേണെം വ്യക്തമാക്കി. ''ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളുടെ കുറവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുന്‍കാലങ്ങളില്‍ ആവശ്യമായ നിക്ഷേപം നടത്താതിരുന്നതാണ് ഇതിനു കാരണം. നീതിന്യായ സെക്രട്ടറിയുമായി ചേര്‍ന്ന് പദ്ധതിയുടെ എല്ലാ ഭാഗങ്ങളും പരിശോധിക്കും,'' ബേണെം പറഞ്ഞു.

'നീതിയെ തകര്‍ക്കുന്ന തീരുമാനം'

2019ല്‍ ഡ്യൂട്ടിക്കിടെ വാഹനത്തില്‍നിന്ന് വലിച്ചിഴയ്ക്കപ്പെട്ട് കൊല്ലപ്പെട്ട ആന്‍ഡ്രൂ ഹാര്‍പ്പറുടെ ഭാര്യ ലിസി ഹാര്‍പ്പര്‍ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ ജീവനും തങ്ങളുടെ ഭാവിയും കവര്‍ന്നെടുത്തവരെ നേരത്തേ മോചിപ്പിക്കാനുള്ള നീക്കം 'അത്യന്തം അപലപനീയമാണെന്ന്' അവര്‍ പറഞ്ഞു. ''ഒരു നിമിഷംകൊണ്ട് തകര്‍ന്ന ജീവിതം തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങളെടുത്തു. എന്റെ ഭര്‍ത്താവിന്റെ ജീവനും ഞങ്ങളുടെ ഭാവിയും കവര്‍ന്നെടുത്തവരെ നേരത്തേ മോചിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. നീതിയെയും ഉത്തരവാദിത്വത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ അതിന്റെ വിപരീതമാണ് ചെയ്യുന്നത്,'' ലിസി പ്രസ്താവനയില്‍ പറഞ്ഞു. ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന അടിയന്തരസേവന ജീവനക്കാരുടെ കേസുകളില്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന 'ഹാര്‍പ്പേഴ്സ് ലോ'യ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ മോചനപദ്ധതി ആ നിയമത്തിന്റെ ആത്മാവുതന്നെ ഇല്ലാതാക്കുകയാണെന്നും ലിസി ആരോപിച്ചു.

ആര്‍ക്കൊക്കെയാണ് നേരത്തേ മോചനം ലഭിച്ചേക്കുക?

ആന്‍ഡ്രൂ ഹാര്‍പ്പറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജെസ്സി കോള്‍, ആല്‍ബര്‍ട്ട് ബൗവേഴ്സ് എന്നിവര്‍ക്ക് നരഹത്യക്കുറ്റത്തിന് 13 വര്‍ഷം വീതം തടവുശിക്ഷ ലഭിച്ചിരുന്നു. പുതിയ നിയമപ്രകാരം ഇരുവര്‍ക്കും ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് മോചനം ലഭിച്ചേക്കാം. സംഭവസമയത്ത് വാഹനം ഓടിച്ചിരുന്ന മുഖ്യപ്രതി ഹെന്റി ലോങ്ങിന് 16 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. ഇയാള്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് ബേണെം വ്യക്തമാക്കി.

എന്താണ് സെന്റന്‍സിങ് ആക്ട്?

കിയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ പാസാക്കിയ സെന്റന്‍സിങ് ആക്ട് ജയിലുകളിലെ അമിതതിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. നിയമപ്രകാരം ചില തടവുകാര്‍ക്ക് ശിക്ഷയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയാല്‍ മോചനം ലഭിക്കും. മുന്‍പ് ശിക്ഷയുടെ മൂന്നില്‍ രണ്ടുഭാഗം അനുഭവിക്കേണ്ടിയിരുന്ന ചിലര്‍ക്ക് ഇനി പകുതി കാലാവധി പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാനാകും. അസാധാരണ സാഹചര്യങ്ങളിലൊഴികെ ഒരുവര്‍ഷത്തില്‍ താഴെയുള്ള ഹ്രസ്വകാല തടവുശിക്ഷകള്‍ പരമാവധി ഒഴിവാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. അയ്യായിരത്തിലധികം തടവുകാരെ നേരത്തേ മോചിപ്പിച്ച് ജയിലുകളില്‍ കൂടുതല്‍ ഒഴിവുകള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പൊലീസിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ്

ഹാര്‍പ്പര്‍ കേസിലെ പ്രതികളെ നേരത്തേ മോചിപ്പിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി തേംസ് വാലി ചീഫ് കോണ്‍സ്റ്റബിള്‍ ജേസണ്‍ ഹോഗ് സര്‍ക്കാരിന് കത്തയച്ചു. മോചനപദ്ധതി വലിയ പിഴവാണെന്നും കുറ്റകൃത്യങ്ങളുടെ ഇരകളുടെ കുടുംബങ്ങളെ വീണ്ടും ദുരിതത്തിലാക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ആരോപിച്ചു.

ജയിലുകളില്‍ കടുത്ത സ്ഥലപരിമിതി

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ നിലവില്‍ ഏകദേശം 3,000 ഒഴിവുകള്‍ മാത്രമാണുള്ളത്. 2024ല്‍ ജയിലുകള്‍ പൂര്‍ണശേഷിയിലെത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് തടവുകാരെ നേരത്തേ മോചിപ്പിച്ചിരുന്നു. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ ആയിരക്കണക്കിന് തടവുകാര്‍ മോചിതരാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ജയില്‍സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പദ്ധതി പിന്‍വലിച്ചാല്‍ പുതിയ തടവുകാരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സെല്ലുകള്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാകുമെന്നും ജയിലധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window