ലണ്ടന്: ഹാരി രാജകുമാരനൊപ്പം അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ കുടുംബജീവിതത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സസെക്‌സിലെ ഡച്ചസ് മേഗന്‍. ഭര്‍ത്താവ് ഹാരി രാജകുമാരനും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും ഉള്‍പ്പെടുന്ന 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് മേഗന്‍ ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'Wake Me Up Before You Go-Go' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോയില്‍ ഗ്രാമപ്രദേശത്തെ വഴിയിലൂടെ ഹാരിക്കൊപ്പം മേഗന്‍ നടക്കുന്നതാണ് ആദ്യ ദൃശ്യം. ഇതിനിടെ തിരിഞ്ഞ് 'Come on, you' എന്ന് മേഗന്‍ പറയുന്നതും കാണാം. യുകെ പതാകയുടെയും ഹൃദയത്തിന്റെയും ഇമോജികളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകന്‍ ആര്‍ച്ചി മാനുകളെ കാണാനായി ഓടുന്നതും മകള്‍ ലിലിബെറ്റ് സൈക്കിള്‍ ഓടിക്കുന്നതുമുള്‍പ്പെടെയുള്ള കുടുംബനിമിഷങ്ങളാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം. മറ്റൊരു ദൃശ്യത്തില്‍ ഹാരി കുട്ടികളോടൊപ്പം മീന്‍പിടിക്കുന്നതും കുടുംബത്തിന്റെ നായ വെള്ളത്തിനരികിലൂടെ നടക്കുന്നതും കാണാം. മഴയ്ക്കുശേഷമുള്ള വെള്ളക്കെട്ടിലൂടെ കുട്ടികള്‍ വാട്ടര്‍പ്രൂഫ് ബൂട്ടുകള്‍ ധരിച്ച് നടക്കുന്നതും തുറന്ന തീക്കൂടിന് മുന്നില്‍ ഇരിക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
കലിഫോര്‍ണിയയില്‍ താമസിച്ചിരുന്ന സസെക്‌സ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം മേഗന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഗ്രിഡില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പങ്കുവയ്ക്കുന്ന ആദ്യ വിഡിയോയാണിത്. എന്നാല്‍ വിഡിയോയിലെ ദൃശ്യങ്ങള്‍ എപ്പോള്‍, എവിടെ ചിത്രീകരിച്ചതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഏഴ് വയസ്സുള്ള ആര്‍ച്ചിയുടെയും അഞ്ച് വയസ്സുള്ള ലിലിബെറ്റിന്റെയും സ്വകാര്യ ജീവിതത്തിലേക്കുള്ള അപൂര്‍വ കാഴ്ചകളാണ് പുതിയ വിഡിയോ നല്‍കുന്നത്. മക്കളുടെ ചിത്രങ്ങള്‍ മേഗന്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും സാധാരണയായി അവരുടെ മുഖം മറച്ചുവയ്ക്കുകയോ പിന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയോ ചെയ്യാറുണ്ട്. കഴിഞ്ഞ മാസം സസെക്‌സ് കുടുംബം യുകെയിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കുടുംബത്തിന്റെ വക്താവ് തയ്യാറായിരുന്നില്ല. എന്നാല്‍ കുടുംബത്തിന്റെ നായ്ക്കളായ മിയയെയും പുലയെയും ഒപ്പം കൊണ്ടുവരുമെന്ന് വക്താവ് അറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാരിയും മേഗനും ദത്തെടുത്ത ബ്ലാക്ക് ലാബ്രഡോര്‍ നായയെയും പുതിയ വിഡിയോയില്‍ പലതവണ കാണാം. 2020-ലാണ് ഹാരി രാജകുമാരനും മേഗനും മുതിര്‍ന്ന രാജകുടുംബാംഗങ്ങളെന്ന നിലയിലെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പിന്മാറി അമേരിക്കയില്‍ പുതിയ ജീവിതം ആരംഭിച്ചത്. ഔദ്യോഗിക രാജകീയ ചുമതലകളിലേക്ക് തിരിച്ചെത്താതെ, ബ്രിട്ടനില്‍ 'നോണ്‍-വര്‍ക്കിങ് റോയല്‍സ്' എന്ന നിലയില്‍ തുടരാനാണ് ദമ്പതികളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന് പുറത്തുള്ള കോട്ട്‌സ്വോള്‍ഡ്‌സ് മേഖലയിലെ സ്വകാര്യ വസതിയായിരിക്കും കുടുംബത്തിന്റെ പ്രധാന താമസകേന്ദ്രമെന്നും ആര്‍ച്ചിയെയും ലിലിബെറ്റിനെയും സമീപത്തെ സ്‌കൂളില്‍ ചേര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ഹാരിയുടെ പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവില്‍ നിന്ന് ലഭിച്ച കത്ത് ദമ്പതികളെ അമ്പരപ്പിച്ചതായും അവരുടെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. ഹാരിയും മേഗനും 'നോണ്‍-വര്‍ക്കിങ് റോയല്‍സ്' എന്ന പദവിയില്‍ തന്നെ തുടരുമെന്ന കാര്യമാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതില്‍ ഇരുവര്‍ക്കും അല്‍പ്പം ആശ്ചര്യമുണ്ടായെന്നാണ് വക്താവിന്റെ പ്രതികരണം. രാജാവിന്റെ പേരില്‍ ലോര്‍ഡ് ചേംബര്‍ലെയ്ന്‍ അയച്ച കത്തില്‍ ഹാരിക്കും മേഗനും ഇനി 'His Royal Highness', 'Her Royal Highness' എന്നീ ഔദ്യോഗിക അഭിസംബോധനകള്‍ ഉപയോഗിക്കാനാകില്ലെന്നും ഇരുവരും സ്വകാര്യ പൗരന്മാരെന്ന നിലയില്‍ തുടരുമെന്നും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.