Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
UK Special
  Add your Comment comment
ആര്‍സിഎന്‍ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന് രണ്ടാം ഊഴം; മലയാളി നഴ്‌സിങ് സമൂഹത്തിന് അഭിമാനനേട്ടം
reporter

ലണ്ടന്‍: യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ പ്രഫഷനല്‍ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് ബിജോയ് തുടര്‍ച്ചയായ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. പുതിയ രണ്ടുവര്‍ഷ കാലാവധിയില്‍ 2027 ജനുവരി ഒന്നിന് ബിജോയ് ചുമതലയേല്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരുമായ സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ വീണ്ടും അംഗങ്ങളുടെ വിശ്വാസം നേടാനായത് ബിജോയിയുടെ നേതൃത്വത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ നിന്ന് 2011ല്‍ യുകെയിലെത്തിയ ഒരു നഴ്‌സില്‍ നിന്ന് ആര്‍സിഎന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള ബിജോയിയുടെ യാത്ര നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. 2024ലെ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ആ തിരഞ്ഞെടുപ്പിലെ വിജയത്തോടെ 1916ല്‍ രൂപീകൃതമായ ആര്‍സിഎന്റെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും ബിജോയ് സ്വന്തമാക്കി. 2025 ജനുവരി ഒന്നിനാണ് ആദ്യ കാലാവധിയില്‍ അദ്ദേഹം ചുമതലയേറ്റത്.

അംഗങ്ങളുടെ ശബ്ദം ശക്തമാക്കാന്‍ സജീവ ഇടപെടല്‍

ആദ്യ കാലയളവില്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ആര്‍സിഎന്‍ അംഗങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ബിജോയ് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. ഇംഗ്ലണ്ട്, സ്‌കോട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അംഗങ്ങളെയും പ്രതിനിധികളെയും സന്ദര്‍ശിക്കുകയും സംഘടനയുടെ തീരുമാനങ്ങളില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിലപാട് മുന്നോട്ടുവയ്ക്കുകയും ചെയ്തു. നഴ്‌സുമാരുടെ ശമ്പളനീതി, സുരക്ഷിതമായ സ്റ്റാഫിങ്, വര്‍ധിച്ച ജോലിഭാരം, തൊഴില്‍മുന്നേറ്റം എന്നിവയായിരുന്നു ബിജോയ് പ്രധാനമായും ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങള്‍. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ബാന്‍ഡ് ഫൈവ് നഴ്‌സുമാരുടെ ജോലിഭാരവും ശമ്പളഘടനയും പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ ആര്‍സിഎന്‍ ശക്തമായ നിലപാടെടുത്തു. സര്‍ക്കാരിന്റെ ശമ്പള നിര്‍ദേശത്തിനെതിരെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 91 ശതമാനം പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാന്‍ഡ് ഫൈവ് തസ്തികകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതും പ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

'ട്രിപ്പിള്‍ എസ്' പ്രവര്‍ത്തനരേഖയുമായി രണ്ടാം ഊഴം

ആദ്യ കാലയളവില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് രണ്ടാം ഊഴത്തിലെ പ്രധാന ലക്ഷ്യമെന്ന് ബിജോയ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിതമായ സ്റ്റാഫിങ് ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം, അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്ക് കൂടുതല്‍ പിന്തുണ, ബാന്‍ഡ് ഫൈവില്‍ നിന്ന് ബാന്‍ഡ് സിക്‌സിലേക്കുള്ള ശമ്പളപരിഷ്‌കാരം, വിവിധ ബാന്‍ഡുകളിലെ ജോലികളുടെ തൊഴില്‍മൂല്യനിര്‍ണയം എന്നിവയ്ക്കാണ് മുന്‍ഗണന. ആരോഗ്യപരിചരണ സഹായികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നീതിയുക്തമായ വേതനം ഉറപ്പാക്കുന്നതും പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമാണ്.

നഴ്‌സിങ് വിദ്യാര്‍ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും ബിജോയ് പ്രാധാന്യം നല്‍കുന്നു. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അവസരം ഉറപ്പാക്കുക, വിദ്യാര്‍ഥി വായ്പയില്‍ ഇളവ് അനുവദിക്കുക, ക്ലിനിക്കല്‍ പരിശീലനത്തിനായുള്ള യാത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കുക, നഴ്‌സിങ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സര്‍വകലാശാലകളില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സേഫ് സ്റ്റാഫിങ്, സ്‌ട്രോങ് പേ, സ്റ്റുഡന്റ് സപ്പോര്‍ട്ട് എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചാണ് ബിജോയ് തന്റെ 'ട്രിപ്പിള്‍ എസ്' പ്രവര്‍ത്തനരേഖ രൂപപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് യുകെയിലെ നഴ്‌സിങ് നേതൃത്വത്തിലേക്ക്

ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ് സെബാസ്റ്റ്യന്‍ വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും സോഫിയയുടെയും മകനാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം 2011 മാര്‍ച്ചിലാണ് യുകെയിലെത്തിയത്. ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ബാന്‍ഡ് ഫൈവ് നഴ്‌സായാണ് യുകെയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015ല്‍ ബാന്‍ഡ് സിക്‌സിലേക്കും 2016ല്‍ ബാന്‍ഡ് സെവനിലേക്കും ഉയര്‍ന്നു. 2021 മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ സീനിയര്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചുവരുന്നു. യുകെയിലേക്ക് കുടിയേറിയ വിദേശ നഴ്‌സുമാര്‍ നേരിടുന്ന തൊഴില്‍പരവും സാമൂഹികവുമായ വെല്ലുവിളികളില്‍ ദീര്‍ഘകാലമായി ഇടപെടുന്ന നേതാവുമാണ് ബിജോയ്. ഇന്റര്‍നാഷനലി എജ്യുക്കേറ്റഡ് നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി അസോസിയേഷന്‍ നെറ്റ്വര്‍ക്ക് യുകെയുടെ ചെയറായും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ നഴ്‌സുമാരുടെ തൊഴില്‍ അവകാശം, ജോലി സ്ഥലത്തെ വിവേചനം, തൊഴില്‍പരമായ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളിലും ബിജോയ് സജീവമായി ഇടപെട്ടിട്ടുണ്ട്.

നാട്ടിലെ നഴ്‌സിങ് മേഖലയുമായും ബന്ധം

യുകെയിലെ ഔദ്യോഗിക ജീവിതത്തിനൊപ്പം കേരളത്തിലെ നഴ്‌സിങ് മേഖലയുമായുള്ള ബന്ധവും ബിജോയ് തുടര്‍ന്നുപോരുന്നു. കൈരളി യുകെയുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസും നഴ്‌സിങ് അഡ്മിനിസ്‌ട്രേഷനും മെച്ചപ്പെടുത്തുന്നതിനുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. രോഗിപരിചരണം, ജീവനക്കാരുടെ പ്രവര്‍ത്തനാനുഭവം, സേവനങ്ങളുടെ കാര്യക്ഷമത, ക്ലിനിക്കല്‍ ലീഡര്‍ഷിപ്പ്, രോഗിസുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായ ബിജോയ് ഡികെഎംഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഹാര്‍ യുകെയുടെ സഹകരണത്തോടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്കായി ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയിട്ടുണ്ട്.

ഭാര്യ ദിവ്യ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഹാമര്‍സ്മിത്ത് ആശുപത്രിയില്‍ നഴ്‌സാണ്. മകന്‍ ഇമ്മാനുവേല്‍ വിദ്യാര്‍ഥിയാണ്. സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും യുകെയിലെ നഴ്‌സിങ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍സിഎന്‍ പോലൊരു ചരിത്രപ്രധാനമായ സംഘടനയുടെ തലപ്പത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം കാലയളവിലേക്കും തിരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ മലയാളി നഴ്‌സിങ് സമൂഹത്തിനും കേരളത്തിനും അഭിമാനനേട്ടമായി മാറുകയാണ്.

 
Other News in this category

 
 




 
Close Window