ലണ്ടന്‍: പണം നല്‍കാതെ എടുത്ത വസ്ത്രങ്ങള്‍ക്ക് റീഫണ്ട് ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയ യുവതിക്ക് യുകെയിലെ എല്ലാ മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ സ്റ്റോറുകളിലും അഞ്ചുവര്‍ഷത്തെ പ്രവേശനവിലക്ക്. 32കാരിയായ ഡാനിയേല്‍ മാര്‍ഷലിനാണ് ടെയിംസൈഡ് മജിസ്ട്രേറ്റ് കോടതി വിലക്കേര്‍പ്പെടുത്തിയത്. രണ്ട് വഞ്ചനാക്കുറ്റങ്ങളിലും ഒരു മോഷണക്കുറ്റത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
ലണ്ടനിലെ ബാറ്റര്സിയയിലും മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് സെന്ററിലുമുള്ള സ്റ്റോറുകളിലായിരുന്നു സംഭവങ്ങള്‍. വില്‍പ്പനയ്ക്കുവെച്ച വസ്ത്രങ്ങള്‍ എടുത്ത്, നേരത്തേ വാങ്ങിയതാണെന്ന വ്യാജേന പണം തിരികെ ആവശ്യപ്പെടുകയായിരുന്നു രീതി. ട്രാഫോര്‍ഡ് സെന്ററില്‍ വസ്ത്രം ട്രയല്‍ റൂമിലെത്തിച്ച് കേടുവരുത്തിയശേഷം റീഫണ്ട് തേടിയതായും കോടതി നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബാറ്റര്സിയയിലെ സ്റ്റോറില്‍നിന്ന് 399 പൗണ്ട് വിലയുള്ള ജാക്കറ്റും മോഷ്ടിച്ചു. അഞ്ചുവര്‍ഷത്തേക്കുള്ള ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡര്‍ പ്രകാരം രാജ്യത്തെ 1,059 എംആന്‍ഡ്എസ് സ്റ്റോറുകളില്‍ പ്രവേശിക്കാനാകില്ല. ട്രാഫോര്‍ഡ് സെന്ററിലും അതിന്റെ പരിസരം, ബസ് സ്റ്റേഷന്, കാര്‍ പാര്‍ക്കിങ് മേഖല എന്നിവിടങ്ങളിലും വിലക്കുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ യഥാര്‍ഥ പേരും വിലാസവും ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്.
ഇതിനുപുറമേ, 12 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 140 മണിക്കൂര്‍ വേതനമില്ലാത്ത സാമൂഹിക സേവനവും കോടതി വിധിച്ചു. 400 പൗണ്ടിലധികം നഷ്ടപരിഹാരവും 85 പൗണ്ട് കോടതിച്ചെലവും 114 പൗണ്ട് വിക്ടിം സര്‍ചാര്‍ജും അടയ്ക്കണം. വിലക്ക് ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമായിരിക്കുമെന്നും തുടര്‍നടപടികള്‍ക്ക് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. സ്ഥാപനങ്ങളിലെ സുരക്ഷാവിഭാഗങ്ങളുമായി സഹകരിച്ചാണ് ആവര്‍ത്തിച്ചുള്ള തട്ടിപ്പ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.