ലണ്ടന്‍: യുകെയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും പുതിയ തൊഴില്‍ അവസരങ്ങളിലെ ഇടിവ് തുടരുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായി. മുന്‍ പാദത്തെ അപേക്ഷിച്ച് 0.3 ശതമാന പോയിന്റിന്റെ കുറവാണിത്. ഇതേ കാലയളവില്‍ തൊഴിലുള്ളവരുടെ നിരക്ക് 75.4 ശതമാനമായി ഉയര്‍ന്നു.
അതേസമയം, ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ രാജ്യത്തെ തൊഴില്‍ ഒഴിവുകള്‍ 6.9 ലക്ഷമായി കുറഞ്ഞു. മേയ്-ജൂലൈ കാലയളവിനെക്കാള്‍ 22,000 ഒഴിവുകളാണ് കുറഞ്ഞത്. പരിശോധിച്ച 18 വ്യവസായ മേഖലകളില്‍ 11ലും ഒഴിവുകളുടെ എണ്ണം ഇടിഞ്ഞു. ചെറുകിട സ്ഥാപനങ്ങളിലാണ് കുറവ് കൂടുതലായി രേഖപ്പെടുത്തിയത്.
ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവും ഉയരുന്നത് നിയമന തീരുമാനങ്ങളെ ബാധിക്കുന്നതായി ഒഎന്‍എസ് വ്യക്തമാക്കി. കോവിഡ് കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു പതിറ്റാണ്ടിലേറെയായുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴില്‍ ഒഴിവുകളെന്ന് വ്യവസായ സംഘടനയായ സിബിഐ ചൂണ്ടിക്കാട്ടി.
യുവാക്കളുടെ തൊഴില്‍പങ്കാളിത്തം സംബന്ധിച്ച മുന്‍ ആരോഗ്യ സെക്രട്ടറി അലന്‍ മില്‍ബേണിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍. വിദ്യാഭ്യാസം, പരിശീലനം, അപ്രന്റീസ്ഷിപ്പ്, തൊഴില്‍ എന്നിവയിലേക്ക് യുവാക്കളെ എത്തിക്കാനുള്ള പിന്തുണ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് വിശദമായ പദ്ധതികള്‍ 2027ന്റെ തുടക്കത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
തൊഴിലില്ലായ്മയിലെ കുറവ് വിലയിരുത്തുമ്പോള്‍ ജാഗ്രത വേണമെന്നും ഒഎന്‍എസ് സൂചിപ്പിച്ചു. സര്‍വേയില്‍ പുതുതായി ഉള്‍പ്പെട്ടവരും പുറത്തുപോയവരും തമ്മിലുള്ള തൊഴില്‍സ്ഥിതിയിലെ വ്യത്യാസവും കണക്കുകളിലെ മാറ്റത്തെ ഭാഗികമായി സ്വാധീനിച്ചിട്ടുണ്ട്.