ലണ്ടന്‍: ഇംഗ്ലണ്ടില്‍ 2026ലെ വേനല്‍ക്കാലത്ത് കടുത്ത ചൂടുമായി ബന്ധപ്പെട്ട് 5,258 മരണങ്ങള്‍ ഉണ്ടായതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ഇടക്കാല വിലയിരുത്തല്‍. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ നിരീക്ഷണം ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മരണസംഖ്യയാണിത്. ജൂണ്‍ 21 മുതല്‍ 28 വരെയുള്ള കടുത്ത ചൂടിന്റെ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കണക്കാക്കിയത്. ഈ എട്ടുദിവസത്തിനിടെ ഏകദേശം 2,401 മരണങ്ങള്‍ ചൂടുമായി ബന്ധപ്പെട്ടുണ്ടായെന്നാണ് വിലയിരുത്തല്‍. മേയിലും ജൂണിലുമുണ്ടായ ആദ്യ രണ്ട് ഉഷ്ണഘട്ടങ്ങളിലെ ആകെ മരണസംഖ്യ മൂവായിരം കടന്നു.
വേനല്‍ക്കാലത്ത് ഏഴ് ഉഷ്ണഘട്ടങ്ങളിലായി 41 ദിവസം കടുത്ത ചൂട് അനുഭവപ്പെട്ടു. നിരീക്ഷണം ആരംഭിച്ചതിനുശേഷം ഉഷ്ണഘട്ടങ്ങളുടെ എണ്ണവും അവ നീണ്ടുനിന്ന ദിവസങ്ങളും ഏറ്റവും കൂടുതലായ വര്‍ഷവുമാണിത്. വേനലിന്റെ തുടക്കത്തില്‍ത്തന്നെ അസാധാരണമായ ചൂടെത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. ജനങ്ങളും ആരോഗ്യസംവിധാനങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കടുത്ത ചൂട് അനുഭവപ്പെടുന്നതാണ് ആശങ്കയ്ക്ക് കാരണം. ചൂടേറിയ ദിവസങ്ങളിലെ മരണനിരക്ക് സമീപകാലത്തെ ചൂട് കുറഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്താണ് കണക്കുകള്‍ തയ്യാറാക്കിയത്. ഇവ അന്തിമ കണക്കുകളല്ലെന്നും ഏജന്‍സി വ്യക്തമാക്കി. പ്രായം, പ്രദേശം, മരണകാരണം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് 2027ന്റെ തുടക്കത്തില്‍ പ്രസിദ്ധീകരിക്കും.