ലണ്ടന്‍: 'ആന്‍ഡ് നൗ, ദി എന്‍ഡ് ഈസ് നിയര്‍, ആന്‍ഡ് സോ ഐ ഫേസ് ദി ഫൈനല്‍ കര്‍ട്ടന്‍'. ഫ്രാങ്ക് സിനാത്രയുടെ പ്രശസ്ത ഗാനം ഒരുമിച്ച് പാടി സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടി ലളിത് മോദിയും വിജയ് മല്യയും. ലണ്ടനിലെ ലളിത് മോദിയുടെ വസതിയില്‍ അദ്ദേഹം നടത്തിയ ആഡംബര പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച് പാട്ടു പാടിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്. വാര്‍ഷിക സമ്മര്‍ പാര്‍ട്ടി എന്ന് ലളിത് മോദി വിശേഷിപ്പിച്ച പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലളിത് മോദി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഐപിഎല്‍ സ്ഥാപക ചെയര്‍മാന്‍ ലളിത് മോദികൊപ്പം മുന്‍ ഐപിഎല്‍ കമ്മിഷണറും വ്യവസായിയുമായ വിജയ് മല്യയും ചേര്‍ന്ന് ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന ഗാനം ആലപിക്കുന്നതായി വിഡിയോയില്‍ കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 310 അതിഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും ഉണ്ടായിരുന്നു. കരോക്കെ ഒരുക്കിയ സംഗീതജ്ഞന്‍ കാള്‍ട്ടണ്‍ ബ്രാഗന്‍സയ്ക്കും, ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനും ലളിത് മോദി പ്രത്യേക നന്ദി രേഖപ്പെടുത്തി. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ഐപിഎല്‍ സ്ഥാപക ചെയര്‍മാന്‍ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ ലംഘനം (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) തുടങ്ങിയ കേസുകളില്‍ ലളിത് മോദിക്കെതിരെ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ ചെയര്‍മാനും കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടറുമായ വിജയ് മല്യ 2016-ലാണ് ഇന്ത്യ വിടുന്നത്. വിജയ് മല്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുണ്ട്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.