ലണ്ടന്‍: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ വന്‍ ജനാവലിയെ സാക്ഷിയായി ഉജ്ജ്വല പരിപാടികള്‍ അരങ്ങേറി. ഒക്ടോബര്‍ 12-ന് നടന്ന 'സ്‌ക്വയര്‍ 2025' ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചു. ആഘോഷം സംഘടിപ്പിച്ചതിന്റെ അഭിമാനവും പങ്കെടുത്തവരോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷങ്ങള്‍ നൃത്തം, സംഗീതം, ഭക്ഷണം എന്നിവയുമായി സമ്പന്നമായിരുന്നു. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ 200 നര്‍ത്തകര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍, നാടോടി, ബോളിവുഡ് ശൈലികളിലുളള നൃത്തപ്രകടനങ്ങളാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.
ഹിന്ദു, സിഖ്, ജൈന സമൂഹങ്ങളിലെ കലാകാരന്മാര്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. പങ്കിട്ട മൂല്യങ്ങളും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളും ഈ ആഘോഷത്തിലൂടെ പ്രതിഫലിച്ചു. സാരി, തലപ്പാവ്, യോഗ, പാവകളി, കുട്ടികള്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിവിധ സ്റ്റാളുകളിലായി വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയിരുന്നു.
ലണ്ടന്‍ ദീപാവലി കമ്മിറ്റിയുമായി സഹകരിച്ച് മേയര്‍ സാദിഖ് ഖാന്‍ ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ''ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കുന്ന ദീപാവലി ദിനത്തില്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ലണ്ടനിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങള്‍ക്ക് സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു,'' എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം.