ലണ്ടന്‍: തൊഴില്‍ ക്ഷാമം നേരിടുന്നതിനായി 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ അനുവദിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അര്‍ദ്ധ വിദഗ്ധത ആവശ്യമായ ജോലികള്‍ക്കായാണ് ഈ വിസകള്‍ അനുവദിക്കുന്നത്. വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, അനധികൃത കുടിയേറ്റത്തിനെതിരെ നടപടികള്‍ കടുപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് വരുന്നത്.
ഇതിനിടെ, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും, ചില മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമവും ബ്രിട്ടന്‍ നേരിടുന്നുണ്ട്. ബിരുദതലത്തില്‍ താഴെയുള്ള യോഗ്യതയുള്ള ജോലികള്‍ക്കായാണ് വിദേശ തൊഴിലാളികളെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഫോട്ടോഗ്രാഫര്‍, ട്രാന്‍സ്ലേറ്റര്‍, ലോജിസ്റ്റിക് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ വിസ അനുവദിക്കും. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ നയങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് സ്ഥിരതാമസ അനുമതി ലഭിക്കില്ല. അപേക്ഷകര്‍ക്ക് കുറഞ്ഞത് അടിസ്ഥാനതലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ, തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കൃത്യമായ പദ്ധതി തൊഴിലുടമകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
2026 ജൂലൈയില്‍ നടക്കുന്ന രണ്ടാംഘട്ട അവലോകനത്തിലാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടേണ്ട തൊഴില്‍ വിഭാഗങ്ങള്‍ തീരുമാനിക്കുക. ആരോഗ്യ, എന്‍ജിനീയറിങ് മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതിനായി കാനഡയും ഓസ്‌ട്രേലിയയും സമാന രീതികള്‍ പിന്തുടരുന്നുണ്ട്.