ലണ്ടന്‍: ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി (ബില്‍ഡ് യുവര്‍ ഡ്രീംസ്) 2025 സെപ്റ്റംബറില്‍ യുകെ വിപണിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഒരു മാസത്തിനുള്ളില്‍ 11,271 യൂണിറ്റുകള്‍ വിറ്റതോടെ, കമ്പനി 880% വില്‍പ്പന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ നേട്ടം ബിവൈഡിയെ ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി യുകെയെ മാറ്റിയതായും കമ്പനി അറിയിച്ചു.
വിപണി വിഹിതം 3.6% ആയി ഉയര്‍ന്നു
യുകെയിലെ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ (SMMT) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, സെപ്റ്റംബറില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ കാറുകളില്‍ 51% വൈദ്യുതീകരിച്ച വാഹനങ്ങളായിരുന്നു.
ബിവൈഡിയുടെ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ മാത്രം 11,271 യൂണിറ്റുകള്‍ വിറ്റതോടെ, Q3-ല്‍ മൊത്തം വില്‍പ്പന 16,000 കാറുകള്‍ കവിഞ്ഞു.
വാര്‍ഷികാടിസ്ഥാനത്തില്‍ (YTD) 35,000 യൂണിറ്റുകള്‍ വിറ്റതായും, സെപ്റ്റംബറില്‍ വിപണി വിഹിതം 3.6% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സീല്‍ U DM-i എസ്യുവി വിപണിയിലെ താരമായി
ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള BYD സീല്‍ U DM-i എസ്യുവി ബ്രിട്ടീഷ് വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 7,524 യൂണിറ്റുകള്‍ വിറ്റതില്‍, സെപ്റ്റംബറില്‍ മാത്രം 5,373 യൂണിറ്റുകള്‍ വിതരണം ചെയ്തു.
ബിവൈഡിയുടെ മൊത്തം വില്‍പ്പനയുടെ 48% ഈ മോഡലിലൂടെയാണ്.
2025 ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറായി സീല്‍ U മാറിയതും, സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറുകളില്‍ ആറാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.
13 ദശലക്ഷം NEV ഉല്‍പ്പാദന നേട്ടം
ബിവൈഡി അടുത്തിടെ 13 ദശലക്ഷം ന്യൂ എനര്‍ജി വെഹിക്കിള്‍സ് (NEV) ഉല്‍പ്പാദന നാഴികക്കല്ല് കൈവരിച്ചു.
ആദ്യത്തെ 10 ദശലക്ഷം ഉത്പാദിപ്പിക്കാന്‍ 13 വര്‍ഷം എടുത്തപ്പോള്‍, 10 മുതല്‍ 13 ദശലക്ഷം വരെ എത്താന്‍ വെറും എട്ട് മാസം മാത്രമേ എടുത്തുള്ളൂ.
2025 ജനുവരി മുതല്‍ ജൂണ്‍ വരെ, ലോകമെമ്പാടും 21.45 ലക്ഷം NEV കാറുകള്‍ വിറ്റതില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 4.7 ലക്ഷം യൂണിറ്റുകള്‍ വിറ്റതായി കമ്പനി അറിയിച്ചു.
യുകെ വിപണി അഭിമാനകരമെന്ന് ബിവൈഡി
'യുകെയില്‍ ഇതുവരെ കൈവരിച്ച ഏറ്റവും വലിയ വില്‍പ്പന അതിശയകരമാണ്. ഇപ്പോള്‍ യുകെ ബിവൈഡിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി മാറിയതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്' എന്ന് ബിവൈഡി യുകെ കണ്‍ട്രി മാനേജര്‍ ബോണോ ഗേ പറഞ്ഞു.
ഇലക്ട്രിക് വാഹന വിപണിയില്‍ ബിവൈഡിയുടെ ഈ നേട്ടം, ആഗോളതലത്തില്‍ കമ്പനി ഉയരുന്ന ശക്തിയേയും വിപണിയിലെ മാറ്റങ്ങളേയും പ്രതിഫലിപ്പിക്കുന്നു.