ലണ്ടന്‍: യുകെയിലെ അടുത്ത മാസത്തെ ബജറ്റില്‍ ധനികര്‍ക്ക് മേല്‍ നികുതി വര്‍ദ്ധന ഉള്‍പ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്ഥിരീകരിച്ചു. ഐഎംഎഫ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി വാഷിംഗ്ടണില്‍ എത്തിയ റീവ്സ്, ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് തിരിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ബജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്.
ധനികര്‍ക്ക് എതിരായ നികുതി നടപടികള്‍ സാമ്പത്തിക വിപത്ത് സൃഷ്ടിക്കുമെന്ന ഭയപ്പാട് വിമര്‍ശകര്‍ ഉയര്‍ത്തിയെങ്കിലും, പൊതുജന സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ മാറ്റമില്ലെന്ന് റീവ്സ് വ്യക്തമാക്കി. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ (OBR) വളര്‍ച്ച പ്രവചനങ്ങള്‍ തിരിച്ചടിക്കുമെന്ന് സൂചനയുള്ളതോടെ, നികുതി വര്‍ദ്ധന പാക്കേജുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും ശക്തമാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നികുതികള്‍ മൂലം ചില ധനികര്‍ രാജ്യം വിടുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും, അതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് റീവ്സ് ന്യായീകരിച്ചു. ഒബിആര്‍ പുതിയ കണക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, ഇസാ അലവന്‍സില്‍ നിന്നും നികുതി രഹിതമായി പിന്‍വലിക്കാവുന്ന തുക നിലവിലെ £20,000ല്‍ നിന്നും £10,000ലേക്ക് കുറയ്ക്കാനാണ് ചാന്‍സലര്‍ ആലോചിക്കുന്നത്. ഇതുവഴി ആളുകള്‍ അവരുടെ സേവിംഗ്സ് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.