ലണ്ടന്‍: വിസ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ ആശങ്കാജനകമായ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പ്രകാരം ഒമ്പതോളം സര്‍വകലാശാലകളാണ് പ്രവേശനം നിര്‍ത്തിവച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് ചെസ്റ്റര്‍ 2026ലെ ശരത്കാലം വരെ പാകിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രവേശനം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് വോള്‍വര്‍ഹാംപ്ടണും, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനും പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളില്‍ നിന്ന് ബിരുദ പ്രവേശന അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥി വിസ ചട്ടക്കൂടിന്റെ സമഗ്രത ഉറപ്പാക്കുന്നതിനായി സണ്‍ഡര്‍ലാന്‍ഡ്, കോവെന്‍ട്രി യൂണിവേഴ്‌സിറ്റികളും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള സ്ഥാപനങ്ങളുടെ യോഗ്യത നിര്‍ണയിക്കുന്ന ബേസിക് കംപ്ലയന്‍സ് അസസ്മെന്റ് (ബിസിഎ) മാനദണ്ഡങ്ങള്‍ യുകെ സര്‍ക്കാര്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് വ്യാപകമായ നിയന്ത്രണം.
യുകെയില്‍ പഠിക്കണമെന്നാഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ഹൃദയഭേദകമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി തടഞ്ഞുവച്ച അപേക്ഷകളില്‍ 60 ശതമാനവും ബംഗ്ലാദേശില്‍ നിന്നുള്ളവരുടേതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു