കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും യുകെയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. നിയമപരമായി പ്രവേശിച്ച ശേഷം അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നതാണ് തിരിച്ചടിയായതെന്ന് ഗവണ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകളിലൂടെ എത്തിയ കുടിയേറ്റക്കാര്‍ പിന്നീട് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ പലരും നികുതിദായകന്റെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസിക്കുന്നുവെന്നതാണ് കണ്ടെത്തല്‍.
ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്, കാമറൂണ്‍, സുഡാന്, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് ആപ്ലിക്കേഷനുകള്‍ക്ക് അടിയന്തര വിലക്ക് പ്രഖ്യാപിച്ചത്. 'നമ്മുടെ ദയവിനെ ഇവര്‍ ദുരുപയോഗം ചെയ്യുന്നു' എന്നായിരുന്നു നടപടിയെക്കുറിച്ച് മഹ്മൂദിന്റെ കുറ്റപ്പെടുത്തല്‍.
2021 മുതല്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥിത്വം തേടുന്നത് ആറിരട്ടി വര്‍ദ്ധിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. സിസ്റ്റം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സ്കില്‍ഡ് വര്‍ക്കര്‍മാരുടെ വിസയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വര്‍ക്ക് വിസ അനുവദിച്ചതിലും കൂടുതല്‍ കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥിത്വം തേടിയിരുന്നു. വര്‍ക്ക്, സ്റ്റഡി, വിസിറ്റര്‍ വിസകളില്‍ എത്തിയ ശേഷം അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നവരുടെ എണ്ണം പത്തില്‍ നാല് വരുമെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 100,000 പേര് അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ചിരുന്നു