ലണ്ടന്‍: ജയിലുകളില്‍ നിന്ന് തടവുകാരെ തെറ്റിദ്ധാരണകള്‍ മൂലം മോചിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി 82 മില്യന്‍ പൗണ്ടിന്റെ (ഏകദേശം 880 കോടി രൂപ) വന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇനി മുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുന്‍പ് അവരുടെ വിരലടയാളവും മുഖവും ഡിജിറ്റല്‍ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നത് നിര്‍ബന്ധമാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 179 തടവുകാരെയാണ് അബദ്ധത്തില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ചത്. പേപ്പര്‍ ഫയലുകളിലെ തെറ്റുകള്‍, കോടതി ഉത്തരവുകള്‍ കൈമാറുന്നതിലെ ആശയക്കുഴപ്പം, ശിക്ഷാ കാലാവധി കണക്കാക്കുന്നതിലെ പിഴവുകള്‍ എന്നിവയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായത്.
അടുത്തിടെ ലൈംഗിക കുറ്റവാളിയായ ഹാദുഷ് കെബാട്ടുവിനെ നാടുകടത്തുന്നതിനുപകരം അബദ്ധത്തില്‍ മോചിപ്പിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ നടന്നു. തുടര്‍ന്ന് ഇയാളെ വീണ്ടും പിടികൂടി ഇത്യോപ്യയിലേക്ക് നാടുകടത്തിയെങ്കിലും, സംഭവം ഗവണ്‍മെന്റിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി. അതേ സമയം, ലണ്ടനിലെ എച്ച്എംപി വാണ്ട്‌സ്വര്‍ത്ത് ജയിലില്‍ നിന്ന് വില്യം സ്മിത്ത്, ബ്രാഹിം കാദൂര്‍-ഷെരീഫ് എന്നീ രണ്ട് കുറ്റവാളികളെയും സമാനമായ രീതിയില്‍ അബദ്ധത്തില്‍ വിട്ടയച്ചിരുന്നു.
വിപുലമായ സുരക്ഷാ പരിഷ്‌കാരങ്ങള്‍
പുതിയ പദ്ധതിയുടെ പ്രധാന പ്രത്യേകത ബയോമെട്രിക് പരിശോധനയാണ്. തടവുകാരന്റെ ഡിജിറ്റല്‍ രേഖകളും നേരിട്ടുള്ള ബയോമെട്രിക് വിവരങ്ങളും ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജയില്‍ ഗേറ്റുകള്‍ തുറക്കൂ. അടുത്ത ആറുമാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കും.
കാലഹരണപ്പെട്ട പേപ്പര്‍ ഫയലിങ് രീതി അവസാനിപ്പിച്ച് മുഴുവന്‍ ജയില്‍ രേഖകളും ഡിജിറ്റൈസ് ചെയ്യും. ഭരണപരമായ നടപടികളിലും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തടവുകാരെ വിട്ടയക്കുന്നതിന് മുന്‍പ് ജയില്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട 33 സുരക്ഷാ മാനദണ്ഡങ്ങള്‍ ഡേം ലിന്‍ ഓവന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനകം തന്നെ ശുപാര്‍ശകള്‍ അംഗീകരിച്ചു.