ലണ്ടന്‍: ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ ദേശീയ ശ്രദ്ധ നേടിയ ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിന്റെ രാഷ്ട്രീയ ഭാവിക്കും പാര്‍ട്ടിയുടെ തുടര്‍ മുന്നേറ്റത്തിനും നിര്‍ണായകമായേക്കാവുന്ന ജനവിധിയാണിത്. എംപി സ്ഥാനം രാജിവച്ച് വീണ്ടും മത്സരിക്കാനുള്ള ഫാരേജിന്റെ തീരുമാനമാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. എസെക്‌സിലെ ക്ലാക്ടണ്‍ മണ്ഡലത്തിലെ 51 പോളിങ് സ്റ്റേഷനുകള്‍ രാവിലെ ഏഴിന് തുറന്നു. രാത്രി 10 വരെ വോട്ടെടുപ്പ് തുടരും. 79,785 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. റെക്കോര്‍ഡ് എണ്ണമായ 34 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബ്രിട്ടിഷ് പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്ഥാനാര്‍ഥിപ്പട്ടികകളിലൊന്നാണിത്.
90 സെന്റിമീറ്റര്‍ നീളമുള്ള ബാലറ്റ് പേപ്പര്‍
സ്ഥാനാര്‍ഥികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതോടെ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നത് ഏകദേശം 90 സെന്റിമീറ്റര്‍ നീളമുള്ള ബാലറ്റ് പേപ്പറാണ്. ബ്രിട്ടിഷ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നീളമേറിയ ബാലറ്റ് പേപ്പറായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ലേബര്‍, കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇതോടെ റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജും രാഷ്ട്രീയ ഹാസ്യ കഥാപാത്രമായ കൗണ്ട് ബിന്‍ഫേസും തമ്മിലുള്ള പോരാട്ടമാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്.
സര്‍വേയില്‍ ഫാരേജിന് വന്‍ മുന്‍തൂക്കം
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന 'സര്‍വേഷന്‍' അഭിപ്രായ സര്‍വേ ഫാരേജിന് വ്യക്തമായ മുന്‍തൂക്കമാണ് പ്രവചിച്ചത്. വോട്ട് ചെയ്യാന്‍ തീരുമാനിച്ചവരില്‍ 73 ശതമാനം പേര്‍ ഫാരേജിനെയും 20 ശതമാനം പേര്‍ കൗണ്ട് ബിന്‍ഫേസിനെയും പിന്തുണയ്ക്കുന്നതായാണ് സര്‍വേ സൂചിപ്പിച്ചത്. ഇതോടെ ഫാരേജ് സീറ്റ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ അന്തിമവിധി വോട്ടെണ്ണലിന് ശേഷമേ വ്യക്തമാകൂ. രാത്രി 10ന് വോട്ടെടുപ്പ് അവസാനിച്ചശേഷം വോട്ടെണ്ണല്‍ ആരംഭിക്കും. 34 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതിനാല്‍ സാധാരണ തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടെണ്ണല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഫാരേജിന്റെ രാഷ്ട്രീയ ഭാവിക്കും നിര്‍ണായകം
ക്ലാക്ടണിലെ ഉപതിരഞ്ഞെടുപ്പ് ഒരു മണ്ഡലത്തിലെ എംപിയെ തിരഞ്ഞെടുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നൈജല്‍ ഫാരേജിന്റെ ദേശീയ രാഷ്ട്രീയ സ്വാധീനം, റിഫോം യുകെയുടെ വളര്‍ച്ച, ഭാവിയില്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യത തുടങ്ങിയ വിഷയങ്ങളും ഈ ജനവിധിയിലൂടെ വീണ്ടും ചര്‍ച്ചയാകും. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ 46.2 ശതമാനം വോട്ട് നേടിയ ഫാരേജ് 8,405 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ക്ലാക്ടണില്‍നിന്ന് ആദ്യമായി എംപിയായത്. എന്നാല്‍ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂലൈയില്‍ എംപി സ്ഥാനം രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആരോപണങ്ങള്‍ ഫാരേജ് നിഷേധിച്ചിട്ടുണ്ട്.
വന്‍ ജയം ലഭിച്ചാല്‍ രാഷ്ട്രീയ കരുത്തിന് തെളിവ്
ഫാരേജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ ക്ലാക്ടണിലെ തന്റെ വ്യക്തിപരമായ ജനപിന്തുണ ഇപ്പോഴും ശക്തമാണെന്ന സന്ദേശം നല്‍കാന്‍ അദ്ദേഹത്തിന് കഴിയും. റിഫോം യുകെയുടെ ദേശീയ മുന്നേറ്റത്തിനും ഇത് പുതിയ ഊര്‍ജമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം അപ്രതീക്ഷിത തിരിച്ചടി നേരിട്ടാല്‍ ഫാരേജിന്റെ ദേശീയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും റിഫോം യുകെയുടെ വളര്‍ച്ചയ്ക്കും അത് വലിയ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ ക്ലാക്ടണിന്റെ പുതിയ എംപി ആരാകുമെന്നതിനപ്പുറം, നൈജല്‍ ഫാരേജിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഈ ജനവിധി നല്‍കുന്ന സന്ദേശമെന്തായിരിക്കുമെന്നാണ് ബ്രിട്ടന്‍ ഉറ്റുനോക്കുന്നത്.