ലണ്ടന്‍: യുകെയില്‍ നഴ്‌സായും കെയററായും ജോലി ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് സമീപകാലത്ത് നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) സ്വീകരിച്ച ചില പ്രഫഷനല്‍ നടപടികള്‍. രോഗികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുക, മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിക്കുക, മെഡിക്കല്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, ജോലിസ്ഥലത്ത് പ്രഫഷനല്‍ പെരുമാറ്റം പാലിക്കാതിരിക്കുക തുടങ്ങിയവയ്‌ക്കൊപ്പം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും റജിസ്‌ട്രേഷന്‍ നഷ്ടപ്പെടുന്നതുവരെ എത്തിച്ചേക്കാമെന്നാണ് കേസുകള്‍ വ്യക്തമാക്കുന്നത്. സമീപകാലത്തെ ഒരു എന്‍എംസി നടപടിയില്‍ രോഗിയെ ആവശ്യമായ രീതിയില്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതും മരുന്നുകളെക്കുറിച്ചുള്ള അറിവില്‍ പോരായ്മ ഉണ്ടായതും ഡ്യൂട്ടി കൈമാറ്റ സമയത്ത് ആവശ്യമായ ശ്രദ്ധ പുലര്‍ത്താതിരുന്നതും മെഡിക്കല്‍ നോട്ടുകളും രേഖകളും കൃത്യമായി പരിശോധിക്കാതിരുന്നതുമടക്കമുള്ള കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കപ്പെട്ടു. രോഗികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതും വ്യത്യസ്ത രോഗികളുടെ മെഡിക്കല്‍ രേഖകള്‍ കൂട്ടിക്കലര്‍ത്തിയതും ആരോഗ്യനില സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ശരിയായ രീതിയില്‍ കൈമാറാതിരുന്നതും അന്വേഷണത്തില്‍ ഉയര്‍ന്നുവന്നു. ഒരു രോഗി മരിച്ച സാഹചര്യത്തില്‍ ആവശ്യമായ നിരീക്ഷണം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന കണ്ടെത്തലും ഉണ്ടായി. ജോലിസ്ഥലത്തെ പ്രഫഷനല്‍ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളും നടപടിയുടെ ഭാഗമായി പരിഗണിക്കപ്പെട്ടു. ഒടുവില്‍ നഴ്‌സിന്റെ പ്രഫഷനല്‍ റജിസ്‌ട്രേഷന്‍ തന്നെ റദ്ദാക്കുന്ന നിലയിലേക്കാണ് നടപടി എത്തിയത്.
നിയന്ത്രണങ്ങള്‍ മറികടന്ന് ജോലി; റജിസ്‌ട്രേഷനും നഷ്ടമായി
യുകെയിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മറ്റൊരു നഴ്‌സിനെതിരായ എന്‍എംസി നടപടിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാന മുന്നറിയിപ്പായി മാറി. നഴ്‌സിനെതിരെ നേരത്തെ തന്നെ 'ഇന്ററിം കണ്ടീഷന്‍സ് ഓഫ് പ്രാക്ടീസ് ഓര്‍ഡര്‍' നിലവിലുണ്ടായിരുന്നു. ഒരു സ്ഥിരം തൊഴിലുടമയ്ക്ക് കീഴില്‍ മാത്രം ജോലി ചെയ്യണം, ഏജന്‍സി ജോലിയില്‍ ഏര്‍പ്പെടരുത്, ഷിഫ്റ്റിന്റെ ചുമതലയുള്ള 'നഴ്‌സ് ഇന്‍ ചാര്‍ജ്' ആയി പ്രവര്‍ത്തിക്കരുത്, മരുന്ന് നല്‍കുമ്പോള്‍ മേല്‍നോട്ടം ഉണ്ടായിരിക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് നഴ്‌സ് ഏജന്‍സി വഴി നിരവധി ഷിഫ്റ്റുകളില്‍ ജോലി ചെയ്തതെന്നും വിലക്കുണ്ടായിരുന്നിട്ടും നഴ്‌സ് ഇന്‍ ചാര്‍ജ് ചുമതല ഏറ്റെടുത്തതെന്നും ചില അവസരങ്ങളില്‍ മേല്‍നോട്ടമില്ലാതെ മരുന്ന് വിതരണം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
തനിക്കെതിരെ നിലവിലുണ്ടായിരുന്ന പ്രാക്ടീസ് നിയന്ത്രണങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ജോലി അപേക്ഷിക്കുമ്പോഴും ജോലി ചെയ്തിരുന്ന സമയത്തും വെളിപ്പെടുത്തിയില്ലെന്നും എന്‍എംസി കണ്ടെത്തി. ഇത് സാധാരണ ജോലി സംബന്ധമായ പിഴവായി മാത്രം കാണാനാകില്ലെന്നും സത്യസന്ധതയും വിശ്വാസ്യതയും സംബന്ധിച്ച ഗുരുതരമായ പ്രഫഷനല്‍ വീഴ്ചയാണെന്നും കമ്മിറ്റി വിലയിരുത്തി. രോഗികളുടെ സുരക്ഷയ്ക്ക് അപകടസാധ്യത സൃഷ്ടിച്ചതിനൊപ്പം നഴ്‌സിങ് മേഖലയിലുള്ള പൊതുജന വിശ്വാസത്തെയും സംഭവം ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നഴ്‌സിനെ എന്‍എംസി റജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'സ്‌ട്രൈക്കിങ് ഓഫ് ഓര്‍ഡര്‍' പുറപ്പെടുവിച്ചു. അപ്പീല്‍ കാലയളവില്‍ ജോലി ചെയ്യുന്നത് തടയുന്നതിനായി ഇടക്കാല സസ്പെന്‍ഷനും ഏര്‍പ്പെടുത്തി.
മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ച പാടില്ല
നഴ്‌സുമാരും മെഡിക്കേഷന്‍ ട്രെയിനിങ് നേടിയ സീനിയര്‍ കെയറര്‍മാരും ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട മേഖലകളിലൊന്നാണ് മരുന്ന് കൈകാര്യം ചെയ്യല്‍. രോഗിയുടെ പേര്, മരുന്നിന്റെ പേര്, ഡോസ്, നല്‍കേണ്ട സമയം, അലര്‍ജി വിവരങ്ങള്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ച ശേഷമേ മരുന്ന് നല്‍കാവൂ. സംശയമുള്ള സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരുടെയോ സീനിയര്‍ നഴ്‌സിന്റെയോ സഹായം തേടുന്നതില്‍ മടിക്കരുത്. ഉറപ്പില്ലാത്ത കാര്യം ചെയ്യുന്നതിനേക്കാള്‍ വ്യക്തത തേടുന്നതാണ് രോഗിസുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകം.
രേഖപ്പെടുത്തലിലും കൃത്യത വേണം
രോഗിയുടെ ആരോഗ്യനിലയില്‍ വരുന്ന മാറ്റങ്ങള്‍, നല്‍കിയ പരിചരണം, മരുന്നുകള്‍, സംഭവങ്ങള്‍, വീഴ്ചകള്‍, ഡോക്ടറെയോ സീനിയര്‍ ഉദ്യോഗസ്ഥരെയോ അറിയിച്ച വിവരങ്ങള്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ഒരു സംഭവം നടന്നതിന് ശേഷം രേഖകളില്‍ അനധികൃതമായി മാറ്റം വരുത്തുകയോ വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്യുന്നത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കാം. പിഴവ് സംഭവിച്ചാല്‍ മറച്ചുവയ്ക്കുന്നതിനുപകരം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും സ്ഥാപനത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യുന്നതാണ് ശരിയായ പ്രഫഷനല്‍ സമീപനം.
ജോലിസ്ഥലത്തെ പെരുമാറ്റവും നിര്‍ണായകം
രോഗികളോടും ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും ഇടപഴകുമ്പോള്‍ പ്രഫഷനല്‍ പരിധി കര്‍ശനമായി പാലിക്കണം. തമാശയായോ ദേഷ്യത്തിലോ പറയുന്ന വാക്കുകള്‍ പോലും പിന്നീട് പരാതിയിലേക്ക് നയിക്കാം. രോഗികളുടെ മുന്നില്‍ അവരുടെ ആരോഗ്യനില, മരണം, വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും ഒഴിവാക്കേണ്ടതാണ്.
'ഒരു ജോലി പോയാല്‍ മറ്റൊന്ന് കിട്ടും' എന്ന ചിന്ത അപകടകരം
യുകെയില്‍ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി കണ്ടെത്തുക എന്നതിലുപരി പ്രഫഷനല്‍ റജിസ്‌ട്രേഷന്‍ സംരക്ഷിക്കുകയാണ്. എന്‍എംസി റജിസ്‌ട്രേഷന്‍ ആവശ്യമായ ജോലിയില്‍ റജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടാല്‍ അത് ഭാവിയിലെ കരിയറിനെ തന്നെ ഗുരുതരമായി ബാധിച്ചേക്കാം. കെയറര്‍മാരും അവരുടെ സ്ഥാപനങ്ങളുടെ നയങ്ങളും രോഗിസുരക്ഷാ മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണം. ഒരു തെറ്റ് സംഭവിച്ച ശേഷം അത് മറയ്ക്കാന്‍ ശ്രമിക്കുക, തനിക്കെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുക, തെറ്റായ വിവരങ്ങള്‍ നല്‍കുക, അന്വേഷണവുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അച്ചടക്ക നടപടി കൂടുതല്‍ ഗുരുതരമാക്കും.
മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാന ഓര്‍മപ്പെടുത്തല്‍
യുകെയില്‍ മികച്ച സേവനം നല്‍കുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും കെയറര്‍മാരുമുണ്ട്. അവരുടെ സേവനത്തെ ചോദ്യം ചെയ്യുന്നതല്ല ഇത്തരം കേസുകള്‍. എന്നാല്‍ രോഗിസുരക്ഷ, മരുന്നിന്റെ സുരക്ഷ, കൃത്യമായ രേഖപ്പെടുത്തല്‍, ശരിയായ ആശയവിനിമയം, പ്രഫഷനല്‍ പെരുമാറ്റം, സ്ഥാപന നയങ്ങള്‍, എന്‍എംസി നിര്‍ദേശങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ശക്തമായ ഓര്‍മപ്പെടുത്തലാണ് ഈ നടപടികള്‍ നല്‍കുന്നത്. ജോലിയില്‍ തെറ്റ് സംഭവിച്ചാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക, സംശയമുണ്ടെങ്കില്‍ സഹായം തേടുക, തനിക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള ജോലി നിയന്ത്രണങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കുക, എല്ലാറ്റിനുമുപരി രോഗിയുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.