Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വാഴപ്പഴ ചരക്കില്‍ ഒളിപ്പിച്ച് 2,900 കിലോ കൊക്കെയ്ന്‍; യുകെയില്‍ 232 മില്യന്‍ പൗണ്ടിന്റെ ലഹരിവേട്ട
reporter

ലണ്ടന്‍: സൗത്ത് അമേരിക്കയില്‍നിന്നെത്തിയ വാഴപ്പഴ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 2,900 കിലോഗ്രാം കൊക്കെയ്ന്‍ യുകെയില്‍ പിടികൂടി. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 232 മില്യന്‍ പൗണ്ട് (2,320 കോടി രൂപയിലധികം) വിപണിവില വരുമെന്ന് നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. എസക്‌സിലെ ലണ്ടന്‍ ഗേറ്റ്വേ പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ് വന്‍ ലഹരിമരുന്ന് വേട്ട നടന്നത്. എന്‍സിഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഴപ്പഴ ചരക്കിനുള്ളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്. കൊക്കെയ്ന്‍ പിടിച്ചെടുത്തശേഷം ചരക്കിന്റെ ബാക്കി ഭാഗവുമായി ട്രെയിലര്‍ തുറമുഖത്തുനിന്ന് പുറത്തേക്കു പോകാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. തുടര്‍ന്ന് വാഹനം നിരീക്ഷിച്ച എന്‍സിഎ സംഘം, ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബണ്ടിങ്‌ഫോര്‍ഡിന് സമീപമുള്ള ഒരു സ്ഥലത്ത് ചരക്ക് എത്തുന്നതുവരെ പിന്തുടര്‍ന്നു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം ഇവരെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടതായി എന്‍സിഎ അറിയിച്ചു.

ഇത്രയും വലിയ അളവില്‍ കൊക്കെയ്ന്‍ പിടികൂടിയത് സംഘടിത കുറ്റകൃത്യ സംഘത്തിന് വന്‍ സാമ്പത്തിക തിരിച്ചടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡേവ് ഫിലിപ്‌സ് പറഞ്ഞു. ലഹരിമരുന്ന് വില്‍പനയിലൂടെ ലഭിക്കേണ്ടിയിരുന്ന വന്‍തുക ഇനി മറ്റു കുറ്റകൃത്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സംഘത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ് എ വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നുകള്‍ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് എന്‍സിഎ ചൂണ്ടിക്കാട്ടി. ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് ഏജന്‍സികളുമായും ലഹരിമരുന്നുകളുടെ ഉറവിട-ഗതാഗത രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും സഹകരിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകള്‍ക്കെതിരായ നടപടി ശക്തമാക്കുമെന്നും എന്‍സിഎ അറിയിച്ചു. 2024 ഫെബ്രുവരിയില്‍ സൗത്താംപ്ടണ്‍ തുറമുഖത്തും വാഴപ്പഴ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം ആറു ടണ്‍ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ക്ലാസ് എ ലഹരിമരുന്ന് വേട്ടകളിലൊന്നായിരുന്നു അത്.

 
Other News in this category

 
 




 
Close Window