ലണ്ടന്‍: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സീരിയല്‍ സെക്‌സ് ഒഫന്‍ഡര്‍ സൈമണ്‍ ലെവിക്ക് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയാണ് ലെവിക്ക് 'ഹോള്‍ ലൈഫ് ഓര്‍ഡര്‍' വിധിച്ചത്. ഇതോടെ സാധാരണ സാഹചര്യത്തില്‍ പരോള്‍ ഉള്‍പ്പെടെയുള്ള മോചന സാധ്യതകള്‍ ഇയാള്‍ക്ക് ലഭിക്കില്ല. കാര്‍മെന്‍സ വലന്‍സിയ ട്രുജില്ലോ, ഷെറില്‍ വില്‍ക്കിന്‍സ് എന്നീ സ്ത്രീകളെ 2025ല്‍ കൊലപ്പെടുത്തിയ കേസുകളിലും മറ്റൊരു സ്ത്രീയെ ക്രൂരമായി ആക്രമിച്ച കേസിലുമാണ് ലെവി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറഞ്ഞത് 12 വര്‍ഷം വീതം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഈ ശിക്ഷകള്‍ ഒരേസമയം അനുഭവിക്കണം. എന്നാല്‍ രണ്ട് കൊലപാതകങ്ങള്‍ക്കുള്ള ഹോള്‍ ലൈഫ് ഓര്‍ഡറാണ് ലെവിക്കെതിരായ ശിക്ഷയില്‍ ഏറ്റവും നിര്‍ണായകം. ഇതോടെ ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.
'ഇത് അതിര്‍ത്തിയിലുള്ള കേസല്ല'
ശിക്ഷ വിധിച്ച ജഡ്ജി മാര്‍ക്ക് ലുക്രാഫ്റ്റ് കെ.സി. ലെവിയുടെ കുറ്റകൃത്യങ്ങളുടെ ക്രൂരത പ്രത്യേകം ചൂണ്ടിക്കാട്ടി. ലൈംഗികത, ബലാത്സംഗം, കുറ്റകൃത്യം എന്നിവയോട് ഇയാള്‍ പുലര്‍ത്തിയിരുന്ന രോഗാതുരമായ ആകര്‍ഷണവും ജഡ്ജി പരാമര്‍ശിച്ചു. രണ്ട് കൊലപാതകങ്ങള്‍ നടന്ന രീതിയിലുള്ള സാമ്യം അതീവ ആശങ്കാജനകമാണെന്നും ദുര്‍ബലമായ സാഹചര്യങ്ങളിലുള്ള സ്ത്രീകളെ സ്വന്തം താല്‍പര്യത്തിനായി ക്രൂരമായി ചൂഷണം ചെയ്ത വ്യക്തിയാണ് ലെവിയെന്നും കോടതി നിരീക്ഷിച്ചു. ഹോള്‍ ലൈഫ് ഓര്‍ഡര്‍ അത്യപൂര്‍വവും അതീവ ഗുരുതരവുമായ കേസുകളിലാണ് സാധാരണ വിധിക്കാറുള്ളത്. ലെവിയുടെ കേസ് അത്തരം വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വ്യക്തമാക്കിയ ജഡ്ജി, ഇത് ഒരു തരത്തിലും സംശയാസ്പദമായ അതിര്‍ത്തിക്കേസല്ലെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നും ലെവിയോട് പറഞ്ഞു. വിധി കേള്‍ക്കുമ്പോള്‍ ലെവി യാതൊരു വികാരവും പ്രകടിപ്പിച്ചില്ല. മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഡോക്കില്‍ ഇരുന്ന ഇയാള്‍ ജഡ്ജിയെ നോക്കി നിശ്ചലനായി തുടരുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ ഇയാളെ കോടതിയില്‍നിന്ന് കൊണ്ടുപോയി.
വര്‍ഷങ്ങളായി ലൈംഗിക കുറ്റകൃത്യങ്ങളുടെ ചരിത്രം
2025ലെ കൊലപാതകങ്ങളിലൊതുങ്ങുന്നതല്ല ലെവിയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രം. 2017ല്‍ തന്നെ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതി മെട്രോപൊളിറ്റന്‍ പൊലീസിന് ലഭിച്ചിരുന്നു. 2018ല്‍ നോട്ടിങ് ഹില്‍ കാര്‍ണിവലിലും കാംഡനിലെ ഒരു പാര്‍ട്ടിയിലും സ്ത്രീകളെ ആക്രമിച്ച കേസുകളിലും ലെവി പ്രതിയായി. ഈ കേസുകളില്‍ 2021ല്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. ജയില്‍വാസത്തിനിടെ വനിതാ ജയില്‍ ഉദ്യോഗസ്ഥയെയും ലൈംഗികമായി ആക്രമിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ജയില്‍മോചിതനായ ശേഷവും സ്ത്രീകള്‍ക്കെതിരായ ആക്രമണം തുടര്‍ന്നു. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലടക്കം ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
അതിജീവിതയെ കഴുത്തുഞെരിച്ച് ബോധരഹിതയാക്കി
2025 ജനുവരിയിലാണ് കേസിലെ അതിജീവിതയായ സ്ത്രീയെ ലെവി ആക്രമിച്ചത്. ആക്രമണത്തിനിടെ യുവതിയുടെ വലത് തോളിന് ഒടിവുണ്ടാക്കുകയും കഴുത്തുഞെരിച്ച് ബോധരഹിതയാക്കുകയും ചെയ്തതായി കോടതിയില്‍ തെളിഞ്ഞു. ഇതിന് പിന്നാലെ 2025 മാര്‍ച്ചില്‍ കാര്‍മെന്‍സ വലന്‍സിയ ട്രുജില്ലോ കൊല്ലപ്പെട്ടു. മാര്‍ച്ച് 16നാണ് കാര്‍മെന്‍സയെ അവസാനമായി ജീവനോടെ കണ്ടത്. ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം ലെവിയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അടുത്ത ദിവസം വെന്‍ഡോവര്‍ ഹൗസിലെ പടിക്കെട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയെക്കുറിച്ച് പൊലീസിന് അടിയന്തര കോള്‍ ലഭിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും കാര്‍മെന്‍സ മരിച്ചിരുന്നു. തല, കഴുത്ത്, ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി പരുക്കുകള്‍ കണ്ടെത്തി. ഫോറന്‍സിക് പരിശോധനയില്‍ കാര്‍മെന്‍സയുടെ രക്തത്തില്‍ കണ്ടെത്തിയ ഡിഎന്‍എ ലെവിയുടേതുമായി പൊരുത്തപ്പെട്ടതും കേസില്‍ നിര്‍ണായകമായി.
ഷെറിലിന്റെ ശരീരത്തില്‍ 83 പരുക്കുകള്‍
2025 ഓഗസ്റ്റ് 24ന് ഷെറില്‍ വില്‍ക്കിന്‍സിനൊപ്പം ലെവി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇരുവരും ആക്രമണം നടന്ന കാര്‍ പാര്‍ക്കിലേക്ക് പോകുന്നതും പിന്നീട് ലെവി ഒറ്റയ്ക്ക് അവിടെനിന്ന് മടങ്ങുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഏകദേശം 50 മിനിറ്റിന് ശേഷമാണ് ഇയാള്‍ സ്ഥലത്തുനിന്ന് പോയത്. പിന്നീട് പൊലീസ് ഷെറിലിന്റെ മൃതദേഹം കണ്ടെത്തി. ഷെറിലിന്റെ തലയും ശരീരത്തിന്റെ മുകള്‍ഭാഗവും ഉള്‍പ്പെടെ 83 ഇടങ്ങളില്‍ പരുക്കുകളോ പാടുകളോ ഉണ്ടായിരുന്നുവെന്ന് കോടതിയില്‍ അറിയിച്ചു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാക്കാനായില്ലെങ്കിലും ശരീരത്തിലെ വ്യാപകമായ പരുക്കുകള്‍ അതിക്രൂരമായ ആക്രമണത്തിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കോടതിയില്‍ കണ്ണീരോടെ കുടുംബങ്ങള്‍
കോടതിയില്‍ വികാരനിര്‍ഭരമായ മൊഴിയാണ് അതിജീവിത നല്‍കിയത്. ലെവിയുടെ ആക്രമണം തന്റെ ആത്മാഭിമാനത്തെയും ജീവിതത്തെയും തകര്‍ത്തുവെന്ന് അവര്‍ പറഞ്ഞു. കോടതിയിലെത്താന്‍ താല്‍പര്യമില്ലായിരുന്നെങ്കിലും മറ്റൊരു സ്ത്രീക്കും സമാന അനുഭവം ഉണ്ടാകരുതെന്ന ആഗ്രഹമാണ് മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കി. ഇനി ഈ കുറ്റവാളിയെ മറന്ന് വീണ്ടും സംഗീതം ആസ്വദിക്കാനും ചിരിക്കാനും സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. അതിജീവിത കാണിച്ച ധൈര്യത്തെ ജഡ്ജി പ്രത്യേകം പ്രശംസിച്ചു. കാര്‍മെന്‍സയുടെ മകള്‍ നാസ്ലി ഫുവന്‍മായോര്‍ വലന്‍സിയയും അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ കുടുംബത്തിന്റെ വേദന കോടതിയില്‍ വിവരിച്ചു. കുടുംബത്തിന് മികച്ച ജീവിതവും സുരക്ഷിതമായ ഭാവിയും നല്‍കാനാണ് അമ്മ ബ്രിട്ടനിലെത്തിയതെന്നും ജീവിതം ഇത്തരത്തില്‍ ക്രൂരമായി അവസാനിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 40-ാം പിറന്നാളിന് ഒരു ദിവസം മുന്‍പാണ് ഷെറില്‍ കൊല്ലപ്പെട്ടത്. കൊച്ചുമക്കളെ കാണാനും കുടുംബത്തോടൊപ്പം ജീവിക്കാനും അവള്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഷെറിലിന്റെ അമ്മ കോടതിയില്‍ പറഞ്ഞു.
പൊലീസിന്റെ നിരീക്ഷണത്തിലായിട്ടും കൊലപാതകങ്ങള്‍ തടയാനായില്ല
ലെവിക്ക് ശിക്ഷ വിധിച്ചതോടെ കേസിലെ പ്രധാന നിയമനടപടികള്‍ക്ക് അവസാനമായെങ്കിലും, ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള ഒരാള്‍ക്ക് വീണ്ടും സ്ത്രീകളെ ആക്രമിക്കാന്‍ അവസരം ലഭിച്ചതെങ്ങനെ എന്ന ചോദ്യം ശക്തമായി തുടരുകയാണ്. റജിസ്റ്റര്‍ ചെയ്ത സെക്‌സ് ഒഫന്‍ഡറായിരുന്ന ലെവി പൊലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. നേരത്തെ ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടും ജയില്‍മോചനത്തിന് ശേഷം ഇയാള്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും 2025ല്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുന്നതുവരെ ഇയാളെ തടയാനായില്ലെന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ലെവിയെ കൈകാര്യം ചെയ്തതില്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനങ്ങളും വീഴ്ചകളും സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. നേരത്തെ നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ വീണ്ടും സമൂഹത്തില്‍ സ്വതന്ത്രമായി സഞ്ചരിച്ചുവെന്നതും അന്വേഷണവിധേയമാണ്. കാര്‍മെന്‍സയുടെയും ഷെറിലിന്റെയും കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ ഇനി തിരികെ ലഭിക്കില്ല. അതിജീവിതയ്ക്കും ആക്രമണത്തിന്റെ മുറിവുകളുമായി മുന്നോട്ടുപോകേണ്ടിവരും. എന്നാല്‍ സൈമണ്‍ ലെവിയുടെ കാര്യത്തില്‍ കോടതി ഒരു കാര്യം ഉറപ്പാക്കിയിരിക്കുകയാണ് - ഇനി അയാള്‍ ജയിലിന് പുറത്തേക്ക് വരില്ല.