ലണ്ടന്‍: മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന റോഷിക്ക് ഇനി സ്വന്തം കടലിലേക്കുള്ള മടക്കയാത്ര. വെയില്‍സിലെ കടല്‍ത്തീരത്ത് അതീവ അവശനിലയില്‍ കണ്ടെത്തി രണ്ടര വര്‍ഷത്തിലേറെ പരിചരിച്ച് ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അപൂര്‍വ കെംപ്‌സ് റിഡ്ലി കടലാമയായ റോഷിയാണ് ഏകദേശം 5000 മൈല്‍ അകലെയുള്ള മെക്‌സിക്കോ ഉള്‍ക്കടലിലേക്ക് മടങ്ങുന്നത്. 2023 ഡിസംബറിലായിരുന്നു ആംഗ്ലസിയിലെ റോസ്‌നൈഗ്രിന് സമീപത്തെ കടല്‍ത്തീരത്ത് റോഷിയെ കണ്ടെത്തിയത്. മെഗ് എന്ന നായയാണ് മണലില്‍ കിടന്നിരുന്ന കടലാമയെ ആദ്യം കണ്ടത്. അന്ന് ജീവന്‍ രക്ഷപ്പെടുമോയെന്ന് പോലും സംശയിക്കാവുന്നത്ര ഗുരുതരമായിരുന്നു റോഷിയുടെ അവസ്ഥ. സാധാരണയായി ചൂടുള്ള കടലുകളില്‍ ജീവിക്കുന്ന കെംപ്‌സ് റിഡ്ലി കടലാമ തണുത്ത വെള്ളത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ശരീരോഷ്മാവ് അപകടകരമായി താഴ്ന്ന 'കോള്‍ഡ്-സ്റ്റണ്‍ഡ്' അവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്ന ഈ അവസ്ഥയില്‍ അടിയന്തര വിദഗ്ധ പരിചരണം ലഭിച്ചില്ലെങ്കില്‍ അതിജീവന സാധ്യത വളരെ കുറവാണ്.
അവിടെ നിന്നാണ് റോഷിയുടെ രണ്ടാം ജീവിതം തുടങ്ങിയത്. ആംഗ്ലസി സീ സൂവിലെ ജീവനക്കാര്‍ കടലാമയെ ഏറ്റെടുത്ത് ചികിത്സയും പ്രത്യേക പരിചരണവും ആരംഭിച്ചു. ദിവസങ്ങളും മാസങ്ങളും പിന്നിട്ട് റോഷി പതുക്കെ ആരോഗ്യത്തിലേക്ക് മടങ്ങി. കണ്ടെത്തിയപ്പോള്‍ ഒരു കിലോയില്‍ താഴെ മാത്രമായിരുന്ന ഭാരം ഇന്ന് 21 കിലോയായി. ശരീരവലുപ്പവും ഏകദേശം മൂന്നിരട്ടിയായി. രണ്ടര വര്‍ഷത്തിലേറെ റോഷിയെ പരിചരിച്ച ജീവനക്കാര്‍ക്ക് അത് വെറുമൊരു കടലാമയായിരുന്നില്ല. അതിന്റെ സ്വഭാവവും ചെറുശീലങ്ങളും ഓരോ പ്രത്യേകതകളും അവര്‍ അടുത്തറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ റോഷിയെ പ്രകൃതിയിലേക്ക് തിരിച്ചയക്കുന്ന നിമിഷം വലിയ സന്തോഷത്തിനൊപ്പം വേര്‍പാടിന്റെ വേദനയും നല്‍കുകയാണ്. ''കടലാമകള്‍ കാട്ടിലാണ് ജീവിക്കേണ്ടത്. രണ്ടുവര്‍ഷത്തിലേറെയായി ഞങ്ങള്‍ കാത്തിരുന്നത് ഈ നിമിഷത്തിനാണ്. അതുകൊണ്ടുതന്നെ ഇത് അതീവ വൈകാരികമായ യാത്രയാണ്,'' ആംഗ്ലസി സീ സൂ ഉടമ ഫ്രാങ്കി ഹോബ്‌റോ പറഞ്ഞു.
''ഇത്രയും കാലം അവനെ പരിചരിച്ചതിനാല്‍ അവന്റെ ഓരോ ചെറിയ പ്രത്യേകതയും ഞങ്ങള്‍ക്കറിയാം. ഇനി ഞങ്ങളുടെ ഒരു ചെറിയ ഭാഗം കരീബിയന്‍ കടലില്‍ നീന്തിപ്പോകും. ഒരുപക്ഷേ പിന്നീട് ഞങ്ങള്‍ അവനെ ഒരിക്കലും കാണില്ല,'' അവര്‍ പറഞ്ഞു. റോഷിയുടെ മടക്കയാത്രയും വലിയൊരു ദൗത്യമാണ്. ആദ്യം ആംഗ്ലസിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ലണ്ടനിലെത്തിക്കും. അവിടെനിന്ന് ചരക്കുവിമാനത്തില്‍ അമേരിക്കയിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മെക്‌സിക്കോ ഉള്‍ക്കടല്‍ മേഖലയിലെത്തിച്ച ശേഷമായിരിക്കും കടലിലേക്ക് തുറന്നുവിടുക. കടലില്‍ ജീവിക്കുന്ന റോഷിക്ക് ആയിരക്കണക്കിന് മൈലുകള്‍ വെള്ളത്തിന് പുറത്തുകൂടി സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ യാത്രയുടെ ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. ശരീരം വരണ്ടുപോകാതിരിക്കാനും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
റോഷിക്കായി താപനില നിയന്ത്രിക്കാവുന്ന പ്രത്യേക പെട്ടിയും തയ്യാറാക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ തോടും ചര്‍മവും വരണ്ടുപോകാതിരിക്കാന്‍ വാസലിന്‍ പുരട്ടും. കണ്ണുകള്‍ ഉള്‍പ്പെടെയുള്ള അതിസൂക്ഷ്മ ഭാഗങ്ങളില്‍ പ്രത്യേക ജെല്ലും ഉപയോഗിക്കും. യാത്രയിലുടനീളം റോഷിയുടെ ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ആംഗ്ലസി സീ സൂ ക്യൂറേറ്റര്‍ മാറ്റ് ഡേവിഡ്സണ്‍ പറഞ്ഞു. ഇതിനായി ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഫാര്‍മസിയില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു. എട്ട് ട്യൂബ് കെവൈ ജെല്ലും മൂന്ന് വലിയ ടബ് വാസലിനും വാങ്ങിയപ്പോള്‍ ജീവനക്കാരുടെ സംശയനോട്ടങ്ങള്‍ക്ക് പിന്നിലെ കാര്യം വിശദീകരിക്കേണ്ടിവന്നുവെന്നാണ് ഡേവിഡ്സണ്‍ ചിരിയോടെ പറഞ്ഞത്. എന്നാല്‍ ഈ യാത്രയ്ക്ക് പിന്നില്‍ തമാശകളേക്കാള്‍ വലിയൊരു ലക്ഷ്യമുണ്ട്. റോഷിയെ വീണ്ടും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ആ ലക്ഷ്യം. ലോകത്തിലെ ഏറ്റവും അപൂര്‍വമായ കടലാമകളിലൊന്നാണ് കെംപ്‌സ് റിഡ്ലി. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ സംരക്ഷണത്തിന് ഓരോ കടലാമയുടെയും തിരിച്ചുവരവ് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ റോഷിയുടെ മടക്കം സംരക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. രണ്ടര വര്‍ഷം മുന്‍പ് ജീവന്‍ ബാക്കിയുണ്ടാകുമോയെന്നറിയാതെ കൈകളിലെടുത്ത ചെറിയ കടലാമയെ ഇന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ അതിന്റെ സ്വന്തം കടലിലേക്ക് തിരിച്ചയക്കുകയാണ്. ഒരിക്കല്‍ തണുത്ത വെയില്‍സ് തീരത്ത് മരണത്തോട് പൊരുതിക്കിടന്ന റോഷി ഇനി ചൂടുള്ള മെക്‌സിക്കോ ഉള്‍ക്കടലില്‍ സ്വതന്ത്രമായി നീന്തും. റോഷിയെ ഒരുപക്ഷേ ഇനി ഒരിക്കലും കാണാനാവില്ലെന്നറിയുമ്പോഴും അതിനെ രക്ഷിച്ചവരുടെ മനസ്സില്‍ വലിയൊരു ആശ്വാസമുണ്ട്. മരണത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവന്ന ആ ചെറിയ ജീവിക്ക് ഒടുവില്‍ അതിന്റെ യഥാര്‍ഥ ലോകത്തേക്ക് മടങ്ങാന്‍ കഴിയുന്നു എന്ന സന്തോഷം.