Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
മതം
  Add your Comment comment
ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്‍മായര്‍ സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
reporter

ബര്‍മിംഹാം: ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്‍മായര്‍ സഭയ്ക്കു മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും തലശേരിയിലുള്ള ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലനശുശ്രൂഷയിലും സുവിശേഷവത്കരണപ്രവൃത്തികളിലും ഈ അല്‍മായര്‍ക്കു സുപ്രധാനമായ സ്ഥാനമുണ്ടാകുമെന്നും ബിഷപ് പറഞ്ഞു. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്‍മായര്‍ സഭയുടെ ചരിത്രത്തില്‍ എല്ലാക്കാലത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. പ്രബുദ്ധരായ അല്‍മായസമൂഹം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സഭൈക്യശുശ്രൂഷയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നു പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പൊയ്കയില്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് പാംപ്ലാനി, കോഴ്‌സ് ഡയറക്ടര്‍ ഫാ. ജോയി വയലില്‍ സിഎസ്ടി, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസി, ഫാ. ഫാന്‍സുവ പത്തില്‍, തന്പി ജോസ്, സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം തുടങ്ങി പതിനാലു വിഷയങ്ങളും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവശാസ്ത്ര കോഴ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറോളം അല്‍മായര്‍ ചേര്‍ന്നിട്ടുണ്ട്. ബെല്‍ജിയത്തിലെ ലുവന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസി, റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി എംഎസ്ടി, റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോയി വയലില്‍ സിഎസ്ടി കോഴ്‌സ് ഡയറക്ട്ടറായും അനിറ്റ ഫിലിപ്പ് രജിസ്റ്ററായും സിജി സെബാസ്റ്റ്യന്‍ വാധ്യാനത്ത് ഫിനാന്‍സ് ഓഫീസറായും ലിന്‍സിയ ജോര്‍ജ് അക്കാഡമിക് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. 

ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള കോഴ്‌സിനു വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നിലവില്‍വന്ന ശേഷമുള്ള ആദ്യത്തെ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്‌സ്. 

 
Other News in this category

 
 




 
Close Window