ലണ്ടന്‍: കൊച്ചി-യുകെ ഡയറക്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി (യുകെ)യും യുഡിഎഫ് എംപിമാരും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. കൊച്ചി-യുകെ ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ എയര്‍ ഇന്ത്യ തുടങ്ങി. വിമാന സര്‍വീസുകള്‍ തടസ്സങ്ങളില്ലാതെ നടത്തുന്നതിനും കാലക്രമേണ കൂടുതല്‍ സര്‍വീസുകള്‍ ഈ റൂട്ടില്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സിയാല്‍ എംഡി എസ്. സുഹാസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് തലവന്‍ ക്യാമ്പ്‌ബെല്‍ വില്‍സണുമായി ചര്‍ച്ച ചെയ്തു. ചില സാങ്കേതിക അനുമതികള്‍ക്ക് ശേഷം സര്‍വീസുകള്‍ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കോവിഡ് തുടക്കകാലത്ത് ആരംഭിച്ച കൊച്ചി-യുകെ എയര്‍ ഇന്ത്യ ഡയറക്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 28ന് ശേഷം നിര്‍ത്തലാക്കുമെന്ന അറിയിപ്പ് യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. വാര്‍ത്ത പരന്നയുടന്‍ ഒഐസിസി (യുകെ) നാഷനല്‍ കമ്മിറ്റി പ്രശ്‌നത്തില്‍ ഇടപെട്ടു. എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ ക്യാമ്പ്‌ബെല്‍ വില്‍സണ്‍, യുകെ വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ്, ബോള്‍ട്ടണ്‍ സൗത്ത് എംപി യാസ്മിന്‍ ഖുറേഷി എന്നിവര്‍ക്ക് ഒഐസിസി (യുകെ) നിവേദനം നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍, ഫ്രാന്‍സിസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും നിവേദനങ്ങള്‍ കൈമാറി. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി ഒഐസിസി (യുകെ)ക്ക് മറുപടി കത്തും കേന്ദ്ര വ്യോമയാന മന്ത്രിക്കും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തും നല്‍കി. ഗാറ്റ്വിക്കില്‍ അവസാനിക്കുന്ന എയര്‍ ഇന്ത്യ വ്യോമ സര്‍വീസ് ബര്‍മിംഗ്ഹാം/മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടുകള്‍ വരെ നീട്ടണമെന്ന ഒഐസിസി (യുകെ) യുടെ ആവശ്യവും കെ. സുധാകരന്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. യുഡിഎഫ് എംപി ഹൈബി ഈഡന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി എന്നിവരും പിന്തുണയുമായി രംഗത്തെത്തി. എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ തുടര്‍ച്ചയായ റദ്ദാക്കലുകളും തന്മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഒഐസിസി (യുകെ) നാഷനല്‍ കമ്മിറ്റി നേരത്തെ നല്‍കിയ നിവേദനവും അധികൃതരുടെ പരിഗണനയിലാണ്.