ലണ്ടന്‍: വൈദ്യുതി വിതരണം മുടങ്ങിയതോടെ വെള്ളിയാഴ്ച അടച്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലേക്ക് വൈദ്യുതി നല്‍കുന്ന സമീപത്തെ സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തമുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. വിമാനത്താവളം താത്കാലികമായി അടച്ചത് 1350ലേറെ വിമാനങ്ങളെയും രണ്ട് ലക്ഷത്തോളം യാത്രക്കാരെയുമാണ് ബാധിച്ചത്. പ്രവര്‍ത്തനം തടസപ്പെട്ടത് മൂലം യാത്രക്കാര്‍ക്കും വിമാനത്താവളത്തിനുമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദിവസങ്ങളോളം വേണ്ടി വന്നേക്കുമെന്നാണ് നിഗമനം. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ 80 വിമാനങ്ങള്‍ അടക്കം ഇന്നലെ നടത്തേണ്ടിയിരുന്ന നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഹീത്രോയിലെ സംഭവം ആഗോള എയര്‍ലൈന്‍ മേഖലയിലെ ഒറ്റപ്പെട്ട സംഭവമല്ല. ഹീത്രോ സംഭവം ഒരു പ്രവര്‍ത്തന തടസം മാത്രമായി കാണാനാകില്ലെന്നും മൊത്തം വ്യോമയാന മേഖലയ്ക്കുമുള്ള മുന്നറിയിപ്പാണെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള വിമാനത്താവളം പോലെ ഒരിടം എന്തുകൊണ്ട് ഒരൊറ്റ ഊര്‍ജ സ്രോതസിനെ മാത്രം പൂര്‍ണമായും ആശ്രയിക്കുന്നു എന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്ലി വൈഷ് ചോദിക്കുന്നു. വിമാനത്താവളത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബദല്‍ മാര്‍ഗങ്ങളില്ലാതെ ഒരൊറ്റ ഊര്‍ജ സ്രോതസിനെ മാത്രം ആശ്രയിക്കുന്ന ഹീത്രോ സംഭവങ്ങള്‍ ആഗോള തലത്തില്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല, സോളാര്‍, വിന്‍ഡ് , ഡീസല്‍ ജനറേറ്ററുകള്‍ തുടങ്ങിയ ഓണ്‍സൈറ്റ് വിതരണമോ ഇല്ലാതെ ഒരൊറ്റ ബാഹ്യ വൈദ്യുതി സ്രോതസിനെ ആശ്രയിക്കുന്നതിന്റെ അപകടങ്ങളും വിദഗ്ദ്ധര്‍ തുറന്നുകാട്ടുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകള്‍, റണ്‍വേ ലൈറ്റിംഗ് എന്നിവ വൈദ്യുതി തടസമില്ലാതെ പ്രവര്‍ത്തിക്കേണ്ടവയാണ്. ഇന്ത്യന്‍ വിമാനത്താവളങ്ങളും ഇത്തരം പ്രതിസന്ധികളുടെ ഭീഷണി നേരിടുന്നുണ്ട്.
രണ്ട് പാസഞ്ചര്‍ ടെര്‍മിനലുകളും ഒരു കാര്‍ഗോ ടെര്‍മിനലുമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബയ് വിമാനത്താവളത്തില്‍ പ്രതിദിനം 26.9 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രണ്ട് വൈദ്യുതി സ്രോതസാണ് വിമാനത്താവളത്തിനുള്ളതെന്ന് മുംബയ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞു. ഒരു സ്രോതസിന് തകരാര്‍ സംഭവിച്ചാല്‍, മറ്റൊന്നിന് വൈദ്യുതി ലോഡിന്റെ 100 ശതമാനം തടസമില്ലാതെ ഏറ്റെടുക്കാന്‍ കഴിയും. ഇതിലൂടെ പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കും. ഓരോ ടെര്‍മിനലിനും ഒന്നിലധികം പവര്‍ സ്റ്റേഷനുകളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.
'ഒരു തടസം മാത്രമല്ല, തുടര്‍ച്ചയായ രണ്ട് തടസങ്ങള്‍ ഉണ്ടായാല്‍ പോലും പ്രവര്‍ത്തനം നിര്‍ത്താതെ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ടെര്‍മിനലുകള്‍ക്കും എയര്‍ഫീല്‍ഡിനും 30 മെഗാവാട്ട് ശേഷിയുള്ള സ്വന്തം ഡീസല്‍ ജനറേറ്ററുകളുണ്ട്. വലിയ തടസങ്ങള്‍ ഉണ്ടായാല്‍ ഇവ സജീവമാകും. നൂറ് ശതമാനം പുനരുപയോഗ ഊര്‍ജ്ജത്തിലാണ് മുംബയ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. അഞ്ച് ശതമാനം സൗരോര്‍ജവും ബാക്കി 95 ശതമാനം, ജല-കാറ്റ് ഊര്‍ജത്തില്‍ നിന്നാണ്'- മുംബയ് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു.
തടസമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്ന മികച്ച വൈദ്യുത സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഉള്ളതെന്നാണ് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റര്‍ അധികൃതര്‍ പറയുന്നത്. നാല് സ്വതന്ത്ര സപ്‌ളൈ ലൈനുകളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്ന ബേഗൂര്‍ സബ്സ്റ്റേഷനില്‍ നിന്നാണ് ബംഗളൂരു വിമാനത്താവളത്തിലേയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. ബേഗൂര്‍ സബ്സ്റ്റേഷനില്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രത്യേക ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചിട്ടുണ്ട്. ഇത് വൈദ്യുതി തടസത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. ഓണ്‍-സൈറ്റ് സൗരോര്‍ജ്ജ ഉത്പാദനം സംയോജിപ്പിക്കുന്നു. കൂടാതെ ഓഫ്-സൈറ്റ് ബാഹ്യ പുനഃരുപയോഗ ഊര്‍ജ്ജ വിതരണക്കാരുമായി സഹകരിച്ച് സ്ഥിരമായ പരിസ്ഥിതി സൗഹൃദ വൈദ്യുതി വിതരണം ഉറപ്പാക്കുന്നുവെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റര്‍ സിഇഒ ഹരി മാരാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ പല വിമാനത്താവളങ്ങളും ഇപ്പോഴും ആധുനിക സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന് മുന്‍പുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. പല വിമാനത്താവളങ്ങളും കാലഹരണപ്പെട്ട പവര്‍ ഗ്രിഡുകള്‍, കേന്ദ്രീകൃത ഊര്‍ജ്ജ വിതരണം, നവീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പഴയ ഐടി സംവിധാനങ്ങള്‍ എന്നിവയെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
ലോകത്തിലെ മിക്കവാറും വിമാനത്താവളങ്ങളും ഹബ്ബുകളും 2050 നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യ 2070ലേക്കാണ് ഇത് മാറ്റിവച്ചിരിക്കുന്നത്. വാഹനങ്ങള്‍ മുതല്‍ വിമാനങ്ങള്‍ വരെയുള്ള എല്ലാത്തിനും വൈദ്യുതി ആവശ്യമായി വരുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ വിമാനത്താവളങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത കുത്തനെ ഉയരും. ലോകത്തിലെ മിക്ക വിമാനത്താവളങ്ങളും ഇതിനായി തയ്യാറെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ 'വൈദ്യുത പ്രതിരോധശേഷി' സമീപ വര്‍ഷങ്ങളില്‍ ഒരു നിര്‍ണായക ഘടകമായി മാറും.