ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഓള്‍ സെയിന്റ്സ് ചര്‍ച്ചിന് സമീപം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹില്‍ പോവിസ് ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്ന ചര്‍ച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളില്‍ ശിശുവിനെ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. അടിയന്തര സഹായത്തിനായി ആംബുലന്‍സ് സര്‍വീസ് എത്തിയെങ്കിലും ശിശു മരിച്ചനിലയിലായിരുന്നു. നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്താന്‍ അടിയന്തര അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ശിശുവിന്റെ കൃത്യമായ പ്രായം, ലിംഗനിര്‍ണയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇത് വളരെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും മെറ്റ് പൊലീസ് സൂപ്രണ്ട് ഓവന്‍ റെനോവ്ഡന്‍ പറഞ്ഞു. ശിശുവിന്റെ അമ്മയെ കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ശിശുവിന്റെ അമ്മയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഈ റിപ്പോര്‍ട്ട് വായിക്കുന്ന ആരെങ്കിലും മരിച്ച ശിശുവിന്റെ അമ്മയാണെങ്കില്‍ ഉടന്‍തന്നെ പൊലീസിന്റെയോ ആരോഗ്യവിദഗ്ധരുടെയോ മുന്നില്‍ വരണം' എന്ന് മെറ്റ് പൊലീസ് പൊതുഇടങ്ങളില്‍ അഭ്യര്‍ഥിച്ചു. ശിശുവിനെ പ്രസവിച്ച സ്ത്രീക്ക് വൈദ്യസഹായവും പിന്തുണയും ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ CAD 3431/25 MARCH എന്ന റഫറന്‍സ് നല്‍കി 101 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മെറ്റ് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.