Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
താജ്മഹലില്‍ സുരക്ഷ വര്‍ധിപ്പിച്ചു
reporter

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ അസ്വാരസ്യവും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ താജ്മഹലിന് (Taj mahal)സുരക്ഷ വര്‍ധിപ്പിക്കുന്നു. ലോകത്തെ മഹാത്ഭുത നിര്‍മിതികളില്‍ ഒന്നായ താജ്മഹലിന് നേരെ ആകാശമാര്‍ഗമുള്ള ആക്രമണം ഉള്‍പ്പെടെ തടയാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി താജ്മഹല്‍ മേഖലയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചു. താജ്മഹലിന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ സുരക്ഷ ഒരുക്കുന്ന പ്രതിരോധ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ഉത്തര്‍പ്രദേശ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താജ്മഹലിന്റെ ആകാശം ലക്ഷ്യമിട്ട് പറക്കുന്ന ഡ്രോണുകളെ ചരിത്ര സ്മാരകത്തിന്റെ 500 മീറ്റര്‍ അടുക്കും മുന്‍പ് നിര്‍വീര്യമാക്കാന്‍ ഉതകുന്നതാണ് നിലവിലെ പ്രതിരോധ സംവിധാനങ്ങള്‍. പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജമാണെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതായി താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള അസി. പൊലീസ് കമ്മീഷണര്‍ സയ്യിദ് അരീബ് ആഹമ്മദ് അറിയിച്ചു. താജ്മഹല്‍ ഉള്‍പ്പെടുന്ന സുരക്ഷാ മേഖലയില്‍ പറക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഡ്രോണുകള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുപി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

പഹല്‍ഹാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ രൂപംകൊണ്ട ഇന്ത്യ പാക് സംഘര്‍ഷത്തിന് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലൂടെ അയവ് വന്നെങ്കിലും അതിര്‍ത്തി മേഖലയില്‍ ശക്തമായ സുരക്ഷയാണ് തുടരുന്നത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് മുന്‍കരുതല്‍ ശക്തമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരില്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് മോക് ഡ്രില്‍. ജമ്മുകശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്റെ ഭാഗമാകും. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും മോക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

 
Other News in this category

 
 




 
Close Window