തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പെരുന്നയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഇത്തരം സന്ദര്‍ശനത്തിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സമുദായ നേതാക്കളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സഭയില്‍ ചര്‍ച്ച ചെയ്യാത്തത് ബിജെപി-സിപിഎം ബാന്ധവത്തിന്റെ ഭാഗമാണെന്ന് സതീശന്‍ ആരോപിച്ചു. ഭീഷണി ഉയര്‍ത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് അതിന്റെ തെളിവാണെന്നും, മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി നേതാവിനെ സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ നിലപാട് വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്നും, ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാണ് ഈ സംഭവമെന്നും സതീശന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഭയന്നുകൊണ്ട് ജീവിക്കുന്ന മുഖ്യമന്ത്രിയാണെന്നും, മഞ്ചേശ്വരം ഇലക്ഷന്‍ കേസ്, കൊടകര കുഴല്‍പ്പണക്കേസ്, തൃശൂര്‍ പൂരം കലക്കല്‍ കേസ്, ആര്‍എസ്എസ് നേതാവും എഡിജിപിയുമായുള്ള കൂടിക്കാഴ്ച എന്നിവയിലൂടെ ഈ ബന്ധം വ്യക്തമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞത് നിസ്സാരമായി കാണാനാകില്ലെന്നും, അതിനെ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് ഈ ബന്ധം പുറത്തുവരുമെന്ന ഭയമാണ് കാരണമെന്നും വിഡി സതീശന്‍ പറഞ്ഞു.