ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരേ ദിവസം ആചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിനെതിരെ മഹാത്മാഗാന്ധി നടത്തിയ വിമര്‍ശനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പ്രധാനമന്ത്രിയുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.
'ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന' എന്നാണ് മഹാത്മാഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്യാരേലാല്‍ എഴുതിയ 'മഹാത്മാഗാന്ധി: ദി ലാസ്റ്റ് ഫേസ്' എന്ന പുസ്തകത്തിലെ രണ്ടാം വാല്യത്തിന്റെ 440-ാം പേജില്‍ ഈ പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
1947 സെപ്റ്റംബര്‍ 12 ന് ഗാന്ധിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് ആര്‍എസ്എസിനെതിരെ ഈ വിമര്‍ശനം ഉണ്ടായതെന്നും, അതിന് അഞ്ച് മാസത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചതായും ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ബുധനാഴ്ച ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടന ഒരിക്കലും വിദ്വേഷം പ്രകടിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജയറാം രമേശ് ഗാന്ധിയുടെ പരാമര്‍ശം പങ്കുവെച്ചത്.