തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ആരോപണങ്ങള്‍ മാത്രമാണ് ഉയരുന്നത്. വിജിലന്‍സ് ചോദ്യം ചെയ്യലിന് വിളിച്ചാല്‍ ഹാജരാകുമെന്നും, പറയാനുള്ളത് കോടതിയില്‍ പറയും എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്നും, മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അതിന് മുമ്പ് സ്വര്‍ണം പൂശിയതിനെക്കുറിച്ച് അറിയില്ല. കാലഹരണപ്പെട്ടതാകാം അതിനാല്‍ ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തതെന്നും, പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ടുപോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. അറ്റകുറ്റപണിക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളിയില്‍ 39 ദിവസത്തെ കാലതാമസം ഉണ്ടായെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്. അറ്റകുറ്റപണി നിര്‍ദേശിച്ചതിനാലാണ് താമസം ഉണ്ടായതെന്നും, ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള ബൈലോ നടപടിക്രമങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി.