തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയില്‍ മോചിതയാക്കിയത് ലഹരിമരുന്ന്, മോഷണം, സെക്‌സ് റാക്കറ്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശ്രീതുവിനെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളോ അടുത്തവരോ മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്ന് ഏഴ് മാസത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നു.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയായ ഇളയരാജയും ഭാര്യയും ചേര്‍ന്നാണ് ശ്രീതുവിനെ ജയില്‍ മോചിതയാക്കിയത്. ആഡംബര കാറുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന ഇവര്‍ മോഷണവും ലഹരിമരുന്ന് കച്ചവടവും നടത്തുന്നവരാണ്. ശ്രീതുവിനെ ജാമ്യത്തിലിറക്കിയ ശേഷം ഇവര്‍ പാലക്കാട് കൊഴിഞ്ഞാമ്പാറയിലേക്കാണ് എത്തിച്ചത്.
കഴക്കൂട്ടം, തുമ്പ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിലരുമായി ശ്രീതുവിനെ ഉപയോഗിച്ച് ഇവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം നടത്തിയത് സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്ത് ശ്രീതുവിന്റെ മകള്‍ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഹരികുമാറിന് പിന്നാലെ ശ്രീതുവിനെയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.