കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ''സിദ്ദിഖും ഐസിയും ഇനി നിയമസഭ കാണുമെന്നു മോഹിക്കേണ്ട'' എന്ന എഴുത്തുള്ള ബാനറുമായി ടൗണ്‍ മാര്‍ച്ചാണ് എംഎസ്എഫ് നടത്തിയത്.
മുട്ടില്‍ ഡബ്ല്യുഎംഒ കോളജിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ വിജയാഘോഷത്തിന്റെ ഭാഗമായി എംഎല്‍എമാരുടെ ചിത്രങ്ങളോടൊപ്പം ബാനറുയര്‍ത്തിയാണ് പ്രകടനം നടന്നത്. ''മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ... കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ ജില്ലയില്‍ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട'' എന്നായിരുന്നു ബാനറിലെ സന്ദേശം.
കോളജ് തെരഞ്ഞെടുപ്പില്‍ കെഎസ്യുവും എസ്എഫ്‌ഐയും സഖ്യമായി മത്സരിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ എംഎല്‍എമാര്‍ക്കെതിരായ പ്രതിഷേധം വിദ്യാര്‍ത്ഥി നേതാക്കള്‍ ടൗണില്‍ സംഘടിപ്പിച്ചു. രാഷ്ട്രീയരംഗത്ത് ഈ പ്രകടനം ശ്രദ്ധേയമായി.