ലണ്ടന്‍: തായ്ലന്‍ഡില്‍ നിന്ന് യുകെയിലേക്ക് ഒരു പെട്ടി കൊണ്ടുവരാന്‍ വിസമ്മതിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ പൗരന് 34 വര്‍ഷം തടവുശിക്ഷ. വാന്‍ഡ്സ്വര്‍ത്തില്‍ താമസിക്കുന്ന ഗഗന്‍ദീപ് സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍വെക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. തായ്ലന്‍ഡില്‍ നിന്ന് യുകെയിലേക്ക് ഒരു പെട്ടി എത്തിക്കാന്‍ പ്രതി 24 വയസ്സുകാരിയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയ യുവതി അതിന് വിസമ്മതിക്കുകയും പെട്ടിക്കുള്ളില്‍ എന്താണെന്ന് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ബര്‍മിങ്ഹാം വിമാനത്താവളത്തിലെത്തിയ യുവതിയെ മുഖംമൂടി ധരിച്ച സംഘം ബലമായി കാറില്‍ കയറ്റി ലണ്ടനിലേക്ക് കൊണ്ടുപോയെന്നാണ് കേസ്.
പടിഞ്ഞാറന്‍ ലണ്ടനിലെ ഹാന്‍വെല്ലിലുള്ള ഒരു വീട്ടിലെത്തിച്ച യുവതിയെ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പ്രതി തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും കോടതി രേഖകളില്‍ പറയുന്നു. എന്നാല്‍ പിന്നീട് യുവതി വിവരം അമ്മയോട് തുറന്നുപറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ യുവതി സൂക്ഷിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ആ വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഗഗന്‍ദീപ് സിങ്ങിന്റെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഗഗന്‍ദീപ് സിങ്ങിനെ യുകെയില്‍ നിന്ന് നാടുകടത്തും. തുടര്‍ന്ന് ഇയാള്‍ക്ക് യുകെയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.