Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.0971 INR  1 EURO=109.8298 INR
ukmalayalampathram.com
Tue 16th Jun 2026
 
 
UK Special
  Add your Comment comment
കനിഷ്‌ക വിമാനദുരന്ത രക്ഷാപ്രവര്‍ത്തനം: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയെ ആദരിക്കാന്‍ ഇന്ത്യന്‍ സമൂഹം
reporter

കോര്‍ക്ക്: എയര്‍ ഇന്ത്യ 182 കനിഷ്‌ക വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ നടപടികളിലും നിര്‍ണായക പങ്കുവഹിച്ച കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയെ ആദരിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം ഒരുങ്ങുന്നു. ദുരന്തത്തിന്റെ 41-ാം വാര്‍ഷിക ദിനമായ ജൂണ്‍ 23ന് കോര്‍ക്കില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ആദരം അര്‍പ്പിക്കുന്നത്. കോര്‍ക്കിലെ പ്രമുഖ പ്രവാസി സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 'Humanity Beyond Boundaries' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോര്‍ക്ക് കൗണ്ടി മേയര്‍, ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എയര്‍ ഇന്ത്യ 182 ദുരന്തത്തിന്റെ രക്ഷാദൗത്യത്തില്‍ അന്നത്തെ കോര്‍ക്ക് റീജനല്‍ ആശുപത്രി, ഇന്നത്തെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി, നിര്‍ണായക സേവനമാണ് നിര്‍വഹിച്ചത്. ദുരന്തസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്കായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ആശുപത്രി ജീവനക്കാരായിരുന്നു.

ഐറിഷ് നേവല്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ റോയല്‍ എയര്‍ഫോഴ്‌സ്, റോയല്‍ നേവല്‍ ഹെലികോപ്റ്ററുകള്‍, വാണിജ്യ കപ്പലുകള്‍, മത്സ്യബന്ധന ട്രോളറുകള്‍ എന്നിവയും പങ്കെടുത്തു. 329 പേര്‍ മരിച്ച ദുരന്തത്തില്‍ 132 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായതിനാല്‍, അതിര്‍ത്തികളും ഭാഷയും മറികടന്ന് മനുഷ്യത്വപരമായ സേവനം നല്‍കിയ കോര്‍ക്ക് ആശുപത്രിയെയും അതിലെ ജീവനക്കാരെയും ആദരിക്കുക ഇന്ത്യന്‍ സമൂഹത്തിന്റെ കടമയാണെന്ന് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ് പറഞ്ഞു. ദുരന്തസമയത്ത് സേവനമനുഷ്ഠിച്ച നഴ്സുമാര്‍, പോര്‍ട്ടര്‍മാര്‍, കെയര്‍ടേക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. പരിപാടിയുടെ ഏകോപന ചുമതലയുള്ള ആശുപത്രി സ്റ്റാഫ് അംഗം മഞ്ജു സഞ്ജിത്തും ഇക്കാര്യം സ്ഥിരീകരിച്ചു. ദുരന്തത്തില്‍ മരിച്ച അന്നമ്മ അലക്‌സാണ്ടര്‍ (53), റീന അലക്‌സാണ്ടര്‍ (10) എന്നിവരുടെ മൃതദേഹങ്ങള്‍ അവകാശികളില്ലാത്തതിനാല്‍ കോര്‍ക്കില്‍ തന്നെ സംസ്‌കരിച്ചിരുന്നു. ഇവരുടെ കല്ലറകള്‍ ഇന്നും പരിപാലിക്കുന്നത് കെയര്‍ടേക്കര്‍ ഫിന്‍ബാര്‍ ആര്‍ച്ചറാണ്. കൂടെയുണ്ടായിരുന്ന സൈമണ്‍ അലക്‌സാണ്ടര്‍ (54), സൈമണ്‍ ജൂനിയര്‍ അലക്‌സാണ്ടര്‍ (9) എന്നിവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അലക്‌സാണ്ടര്‍ കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമുള്ളവര്‍ പങ്കുവെക്കണമെന്ന് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: +353 87 482 7897

 
Other News in this category

 
 




 
Close Window