Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ചരിത്ര നേട്ടം
reporter

കേംബ്രിഡ്ജ്: യുകെയിലെ പ്രമുഖ സര്‍വകലാശാലയായ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച് നാല് മലയാളി വിദ്യാര്‍ത്ഥി നേതാക്കള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ജീന തോമസ്, റമീസ് നസര്‍, റോഹന്‍ രാജേഷ്, ഗൗധം മേലത്ത് എന്നിവരാണ് യുകെയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥി നേതൃത്വ രംഗത്ത് മലയാളികളുടെ അഭിമാന സാന്നിധ്യമായി മാറിയത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഇവര്‍, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയുടെ അഞ്ച് ക്യാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ചു. 'Five Campuses, One Union' എന്ന ആശയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍, വിവിധ ഫാക്കല്‍റ്റികളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിദ്യാര്‍ത്ഥി സമൂഹത്തിനുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ രണ്ട് വര്‍ഷത്തെ നേതൃത്വ യാത്ര ഈ മാസം പൂര്‍ത്തിയാകുകയാണ്.

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 5,500 വിദ്യാര്‍ത്ഥികള്‍ വോട്ട് രേഖപ്പെടുത്തി. ഇവരില്‍ ഓരോരുത്തരും 1,700-ലധികം വോട്ടുകള്‍ നേടി ശക്തമായ ജനപിന്തുണയോടെ വിജയിച്ചതും ഈ നേട്ടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. യുകെയിലെ ഒരു ബഹുസാംസ്‌കാരിക സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഈ പിന്തുണ, മലയാളി സമൂഹത്തിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.

രണ്ട് വര്‍ഷത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി നേതൃത്വ കാലയളവില്‍ അക്കാദമിക് വിഷയങ്ങള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥി ക്ഷേമം, ക്യാമ്പസ് ജീവിതം, യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥി അവകാശങ്ങള്‍, വിവിധ പ്രചാരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചു. സര്‍വകലാശാലയുടെ ആഭ്യന്തര വിദ്യാര്‍ത്ഥി പ്രതിനിധിത്വ സംവിധാനങ്ങളില്‍ മാത്രമല്ല, യുകെയിലെ ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ National Union of Students വഴിയുള്ള ഇടപെടലുകളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായി. യുകെയിലെ വിദ്യാര്‍ത്ഥി ജനാധിപത്യ സംവിധാനത്തില്‍ മലയാളികള്‍ക്ക് വളര്‍ന്നുവരുന്ന സ്വാധീനത്തിന്റെ തെളിവായാണ് ഈ നേട്ടം കാണപ്പെടുന്നത്. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അക്കാദമിക് രംഗത്തും തൊഴില്‍ മേഖലയിലും മാത്രമല്ല, നേതൃത്വം, പൊതുപ്രവര്‍ത്തനം, നയപരമായ ഇടപെടല്‍, വിദ്യാര്‍ത്ഥി അവകാശ സംരക്ഷണം എന്നീ മേഖലകളിലും മുന്നേറുന്നുവെന്നതിന് ഈ വിജയം മികച്ച ഉദാഹരണമാണ്. ''വിദ്യാര്‍ത്ഥികളുടെ വിശ്വാസം രണ്ട് തവണ നേടാന്‍ കഴിഞ്ഞത് വലിയ അഭിമാനമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. യുകെയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മലയാളികളുടെ ശബ്ദം ഉയര്‍ത്താന്‍ കഴിഞ്ഞത് ഞങ്ങള്‍ അഭിമാനത്തോടെ കാണുന്നു,'' എന്ന് നേതാക്കള്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window