ലണ്ടന്‍: മനുഷ്യശരീരഘടനയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി എംആര്‍ഐ യന്ത്രത്തിനുള്ളില്‍ പങ്കാളിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവം, മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം തുറന്നുപറഞ്ഞ് നെതര്‍ലന്‍ഡ്‌സ് സ്വദേശിനി ഐഡ സബെലിസ്. 1991ലാണ് ഐഡയും പങ്കാളിയായ ജപ്പും ഈ അപൂര്‍വ ശാസ്ത്രീയ പരീക്ഷണത്തില്‍ പങ്കെടുത്തത്. ഡച്ച് ശാസ്ത്രജ്ഞനായ മെന്‍കോ വിക്ടര്‍ പെക് വാന്‍ ആന്‍ഡലിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ലൈംഗിക ബന്ധത്തിനിടെ മനുഷ്യശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എംആര്‍ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. പിന്നീട് ഈ പഠനഫലങ്ങള്‍ 1999ല്‍ ബ്രിട്ടിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും വൈദ്യശാസ്ത്ര രംഗത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഐഡ പരീക്ഷണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. അന്നത്തെ എംആര്‍ഐ യന്ത്രങ്ങള്‍ സാങ്കേതികമായി ഇന്നത്തെ പോലെ പുരോഗമിച്ചിരുന്നില്ല. ഓരോ ചിത്രവും പകര്‍ത്താന്‍ ഏറെ സമയം എടുത്തിരുന്നു. ചില സമയങ്ങളില്‍ ഒരേ നിലയില്‍ കുറച്ചുനേരം തുടരാന്‍ നിയന്ത്രണ മുറിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായും അവര്‍ പറഞ്ഞു. യന്ത്രത്തിന്റെ ഇടുങ്ങിയ രൂപകല്‍പന കാരണം ആദ്യം ആലോചിച്ച രീതിയില്‍ പരീക്ഷണം നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മറ്റൊരു നിലയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഐഡ വ്യക്തമാക്കി. ശാസ്ത്രീയ ഗവേഷണത്തിന് സഹായിക്കണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ പരീക്ഷണത്തില്‍ പങ്കെടുത്തതെന്നും സ്ത്രീശരീരഘടനയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര ധാരണകള്‍ കൂടുതല്‍ വ്യക്തമാകണമെന്ന ആഗ്രഹവും അതിന് പിന്നിലുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പരീക്ഷണഫലങ്ങള്‍ അന്നത്തെ ചില പൊതുധാരണകളെ തിരുത്തുന്നതായിരുന്നു. 1999 ഡിസംബര്‍ 24ന് പ്രസിദ്ധീകരിച്ച ഈ പഠനം പിന്നീട് ബിഎംജെയുടെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ലേഖനങ്ങളിലൊന്നായി മാറി. അടുത്തിടെ പഠനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായതോടെ ഈ ഗവേഷണത്തിന് വീണ്ടും വലിയ ശ്രദ്ധ ലഭിച്ചു. എംആര്‍ഐ യന്ത്രത്തിനുള്ളില്‍ രണ്ട് പേര്‍ക്ക് എങ്ങനെ ഇടം ലഭിച്ചുവെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതലായി ചര്‍ച്ചയായത്.