Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ കുട്ടികളുടെ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷം; ഒരുവര്‍ഷം റഫര്‍ ചെയ്തത് 10 ലക്ഷത്തിലേറെ പേരെ
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി പുതിയ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ 10 ലക്ഷത്തിലേറെ കുട്ടികളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫര്‍ ചെയ്തത്. ഇത് ഏകദേശം ഓരോ 10 കുട്ടികളില്‍ ഒരാളെന്ന തോതിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനയും 2018-19ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോടടുത്ത വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ ചികിത്സയ്ക്കായി റഫര്‍ ചെയ്യാന്‍ ഇടയായ പ്രധാന പ്രശ്‌നം ഉത്കണ്ഠയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ റഫറലുകളില്‍ 16 ശതമാനവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടവയാണ്. അതേസമയം, ഓട്ടിസം സംശയിക്കുന്ന കേസുകള്‍ ഒരു വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം ഉയര്‍ന്ന് 96,000 കവിഞ്ഞു. ADHD, ടൂറെറ്റ് സിന്‍ഡ്രോം എന്നിവയുള്‍പ്പെടെയുള്ള മറ്റ് ന്യൂറോ ഡെവലപ്‌മെന്റല്‍ വൈകല്യങ്ങളുമായി ബന്ധപ്പെട്ട റഫറലുകളും ഏകദേശം 25 ശതമാനം വര്‍ധിച്ചു.

കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചില്‍ഡ്രന്‍സ് കമ്മിഷണര്‍ ഡാം റേച്ചല്‍ ഡി സൗസ ഗുരുതര ആശങ്ക രേഖപ്പെടുത്തി. റഫര്‍ ചെയ്യപ്പെട്ട കുട്ടികളില്‍ മൂന്നിലൊന്നിലധികം പേര്‍ ഇപ്പോഴും ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ഇവരില്‍ 60,000ത്തിലധികം കുട്ടികള്‍ രണ്ട് വര്‍ഷത്തിലേറെയായി സഹായം ലഭിക്കാതെ തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഓട്ടിസമോ മറ്റ് ന്യൂറോ ഡെവലപ്‌മെന്റല്‍ പ്രശ്‌നങ്ങളോ സംശയിച്ച് റഫര്‍ ചെയ്യപ്പെട്ട കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ക്കുപോലും ചികിത്സ ലഭിച്ചിട്ടില്ല. ചികിത്സ ലഭിച്ച കുട്ടികള്‍ക്കുപോലും ശരാശരി ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യ സേവനങ്ങളുടെ ശേഷിയും ഫണ്ടിങും വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മേഖലകള്‍ ഏകോപിതമായി പ്രവര്‍ത്തിച്ച് സ്‌കൂളുകളിലും സമൂഹതലത്തിലും കുട്ടികള്‍ക്ക് നേരത്തേ സഹായം ലഭ്യമാക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് കൂടുതലായി റഫര്‍ ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

 
Other News in this category

 
 




 
Close Window