Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഈലിങ് ബ്രോഡ് വേയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍
reporter

ലണ്ടന്‍: പശ്ചിമ ലണ്ടനിലെ തിരക്കേറിയ ഈലിങ് ബ്രോഡ് വേ ഹൈസ്ട്രീറ്റില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍ ചുമത്തി. സോമാലിയയില്‍ ജനിച്ച ടിമിര്‍ അഹമ്മദ് മുഹമ്മദ് എന്നയാളെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. കൊലപാതകശ്രമക്കുറ്റങ്ങള്‍ക്ക് പുറമെ അപകടകരമായി വാഹനം ഓടിക്കല്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ കടന്നുകളയല്‍, മദ്യം-മയക്കുമരുന്ന് പരിശോധനയ്ക്കുള്ള ശ്വാസസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡില്‍ വിട്ടതായും വില്ലസ്ഡന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും മെറ്റ് പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ഷോപ്പിങ് കേന്ദ്രങ്ങളും റസ്റ്ററന്റുകളും നിറഞ്ഞ ഈലിങ് ബ്രോഡ് വേ ഹൈസ്ട്രീറ്റില്‍ സംഭവം നടന്നത്. കാല്‍നടയാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഭാഗത്തേക്ക് കാര്‍ പാഞ്ഞുകയറിയതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. നിരവധി പേര്‍ ഓടിക്കൂടുകയും അടിയന്തരസേവന വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നല്‍കി വിട്ടയച്ചു. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതോ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയ പരുക്കുകള്‍ ആര്ക്കും സംഭവിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഭീകരവിരുദ്ധ വിഭാഗവും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ഭീകരാക്രമണമല്ലെന്നും ഒറ്റപ്പെട്ട സംഭവമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പ്രതിയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിക്കെതിരായ തുടര്‍ നടപടികള്‍ വില്ലസ്ഡന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിക്കും. തുടര്‍ന്ന് കേസ് ഉയര്‍ന്ന കോടതിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window