ന്യൂഡല്‍ഹി: കാനഡ, യുഎസ്, ഓസ്ട്രേലിയ, യുകെ തുടങ്ങിയ പരമ്പരാഗത വിദേശപഠന കേന്ദ്രങ്ങളോടുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താത്പര്യം കുറയുന്നു. വിദ്യാഭ്യാസത്തിനും താമസത്തിനുമുള്ള ചെലവ് കുത്തനെ ഉയരുകയും വീസ നിയമങ്ങള്‍ കര്‍ശനമാവുകയും ചെയ്തതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. താരതമ്യേന കുറഞ്ഞ പഠനച്ചെലവ്, എളുപ്പത്തിലുള്ള പ്രവേശനം, പഠനാനന്തര തൊഴില്‍സാധ്യതകള്‍ എന്നിവയാണ് യൂറോപ്പിനെ ആകര്‍ഷകമാക്കുന്നത്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഉന്നതപഠനത്തിനായി യൂറോപ്പിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായി. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥിപ്രവാഹം 68 ശതമാനമാണ് ഉയര്‍ന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ വരുംവര്‍ഷങ്ങളില്‍ യൂറോപ്പിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും അനുകൂലമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയതും യൂറോപ്പിന് നേട്ടമാകും.
വിദേശപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ ഇടിവ്
കോവിഡ് മഹാമാരിക്കുശേഷം ഇന്ത്യയില്‍നിന്നുള്ള വിദേശവിദ്യാര്‍ഥികളുടെ എണ്ണം റെക്കോഡ് തലത്തിലെത്തിയിരുന്നു. 2023ല്‍ 9.08 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശപഠനത്തിനായി ഇന്ത്യ വിട്ടത്. എന്നാല്‍ 2025ല്‍ ഇത് 6.26 ലക്ഷമായി കുറഞ്ഞു. പഠനച്ചെലവും ജീവിതച്ചെലവും വര്‍ധിച്ചതും വീസ ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതുമാണ് ഇടിവിന് പ്രധാന കാരണം. കാനഡയും യുകെയും സ്റ്റുഡന്റ് വീസ, ആശ്രിത വീസ, പഠനാനന്തര വര്‍ക്ക് പെര്‍മിറ്റ് എന്നിവയിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതും വിദ്യാര്‍ഥികളുടെ തീരുമാനത്തെ സ്വാധീനിച്ചു. അതേസമയം, ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പ്രവേശന, വീസ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. പഠനത്തിനുശേഷം തൊഴില്‍ കണ്ടെത്താനും രാജ്യത്ത് തുടരാനുമുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചതും ഈ രാജ്യങ്ങളെ പ്രിയങ്കരമാക്കുന്നു.
ചെലവ് 50 മുതല്‍ 80 ശതമാനംവരെ കുറവ്
യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള പഠനച്ചെലവ് 50 മുതല്‍ 80 ശതമാനംവരെ കുറവാണെന്ന് വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പറയുന്നു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പ്രമുഖ പൊതുസര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യമോ വളരെ കുറവോ ആണ്. വീസ, വര്‍ക്ക് പെര്‍മിറ്റ് നടപടികളിലെ ഇളവുകളും സ്ഥിരതാമസത്തിനുള്ള സാധ്യതകളുമാണ് മറ്റൊരു ആകര്‍ഷണം. തൊഴില്‍വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള മൊബിലിറ്റി പങ്കാളിത്തവും വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണ്. പഠനവീസ നേടുന്നതിനും പഠനം പൂര്‍ത്തിയാക്കിയശേഷം തൊഴില്‍വീസയിലേക്ക് മാറുന്നതിനും ഇത്തരം കരാറുകള്‍ സഹായിക്കുന്നു. യൂറോപ്പിലെ ഇംഗ്ലീഷ് ഇതര രാജ്യങ്ങളിലുള്ള സര്‍വകലാശാലകള്‍ പൂര്‍ണമായും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന ആയിരക്കണക്കിന് മാസ്റ്റേഴ്സ് കോഴ്സുകള്‍ ആരംഭിച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്.