Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=109.8539 INR
ukmalayalampathram.com
Wed 22nd Jul 2026
 
 
UK Special
  Add your Comment comment
ഒമാനിലെ വിദേശ നിക്ഷേപത്തില്‍ 8.7 ശതമാനം വര്‍ധന; യുകെ ഒന്നാം സ്ഥാനത്ത്
reporter

മസ്‌കത്ത്: ഒമാന്‍ സുല്‍ത്താനേറ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 8.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2026ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 32.197 ബില്യണ്‍ ഒമാനി റിയാലായി ഉയര്‍ന്നു. ഒമാന്റെ സാമ്പത്തിക രംഗത്തില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ശക്തമായ വിശ്വാസമാണ് വളര്‍ച്ച വ്യക്തമാക്കുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2026ലെ ആദ്യ മൂന്നുമാസത്തിനിടെ 2.567 ബില്യണ്‍ റിയാലിന്റെ പുതിയ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. എണ്ണ, വാതക പര്യവേക്ഷണ മേഖലയാണ് വിദേശ നിക്ഷേപത്തില്‍ മുന്നില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഈ മേഖലയിലെ ആകെ നിക്ഷേപം 25.889 ബില്യണ്‍ റിയാലായി. ആദ്യ പാദത്തില്‍ മാത്രം 2.238 ബില്യണ്‍ റിയാലിന്റെ പുതിയ നിക്ഷേപം ലഭിച്ചു.

ഉല്‍പാദന മേഖലയാണ് രണ്ടാം സ്ഥാനത്ത്. 5.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ നിക്ഷേപം 2.870 ബില്യണ്‍ റിയാലിലെത്തി. മൂന്നുമാസത്തിനിടെ 146.7 ദശലക്ഷം റിയാലിന്റെ പുതിയ നിക്ഷേപമാണ് ഈ മേഖലയിലുണ്ടായത്. സാമ്പത്തിക ഇടനില മേഖലയില്‍ 9.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ രംഗത്തെ ആകെ നിക്ഷേപം 1.565 ബില്യണ്‍ റിയാലായി ഉയര്‍ന്നു. ആദ്യ പാദത്തില്‍ മാത്രം 137.7 ദശലക്ഷം റിയാലിന്റെ നിക്ഷേപം ലഭിച്ചു. ഒമാനില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ യുകെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. യുകെയില്‍നിന്നുള്ള നിക്ഷേപം 9.9 ശതമാനം വര്‍ധിച്ച് 16.885 ബില്യണ്‍ റിയാലായി. അമേരിക്കയില്‍നിന്നുള്ള നിക്ഷേപം 10 ശതമാനം വളര്‍ച്ചയോടെ 8.696 ബില്യണ്‍ റിയാലിലെത്തി. കുവൈത്തില്‍നിന്നുള്ള നിക്ഷേപം 4.6 ശതമാനം ഉയര്‍ന്ന് 1.444 ബില്യണ്‍ റിയാലായപ്പോള്‍ ചൈനയുടെ നിക്ഷേപം 9.3 ശതമാനം വര്‍ധിച്ച് 901.5 ദശലക്ഷം റിയാലായി. 'ഒമാന്‍ വിഷന്‍ 2040' പദ്ധതിയുടെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണത്തിനും നിക്ഷേപസൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിനുമായി രാജ്യം നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകള്‍.

 
Other News in this category

 
 




 
Close Window