ലണ്ടന്‍: ലോകകപ്പ് സെമിഫൈനലിനുശേഷമുണ്ടായ ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദം യുകെയിലെ ക്ലബ്ബുകളില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ്, ടോട്ടന്‍ഹാമിന്റെ ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ യുകെ വിസ പുനഃപരിശോധിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കളും സംഘടനകളും ആവശ്യപ്പെട്ടതായാണ് വിവരം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിനുശേഷമാണ് വിവാദ സംഭവം. 'ലാസ് മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്' എന്ന രാഷ്ട്രീയ മുദ്രാവാക്യം എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു താരങ്ങളുടെ വിജയാഘോഷം. ഇതിനെതിരേ യുകെയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നു.
അര്‍ജന്റീന 'ലാസ് മാല്‍വിനാസ്' എന്നു വിളിക്കുന്ന ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദ്വീപുകളുടെ നിയന്ത്രണത്തെച്ചൊല്ലി 1982ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധവും നടന്നിരുന്നു. ഈ ചരിത്രപശ്ചാത്തലത്തിലാണ് താരങ്ങളുടെ നടപടി ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. കായികവേദിയെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പഴയ ശത്രുത വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി ഉപയോഗിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ പ്രധാന വിമര്‍ശനം. സംഭവത്തില്‍ ഉള്‍പ്പെട്ട താരങ്ങളുടെ വിസ റദ്ദാക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിസ റദ്ദാക്കുന്നതോ പുനഃപരിശോധിക്കുന്നതോ സംബന്ധിച്ച് യുകെ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മത്സരവേദികളിലും ഔദ്യോഗിക ആഘോഷങ്ങളിലും രാഷ്ട്രീയമോ ആശയപരമോ ആയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഫിഫയുടെ ചട്ടങ്ങള്‍ വിലക്കുന്നു. സംഭവത്തില്‍ ഫിഫ അന്വേഷണം ആരംഭിച്ചതായും നിയമലംഘനം സ്ഥിരീകരിച്ചാല്‍ താരങ്ങള്‍ പിഴ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.