ലണ്ടന്‍/വെയില്‍സ്: ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്സില്‍ (ആര്‍എഎഫ്) രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫൈറ്റര്‍ പൈലറ്റ് വിങ്സ് നേടുന്ന ആദ്യ സിഖ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് അര്‍ഷ്ദീപ് സിങ് ഡാങ്. നോര്‍ത്ത് വെയില്‍സിലെ ആര്‍എഎഫ് വാലിയില്‍ ഓഗസ്റ്റ് 14ന് നടന്ന ഫാസ്റ്റ് ജെറ്റ് പൈലറ്റ് ഗ്രാജുവേഷന് ചടങ്ങിലാണ് 28 വയസ്സുകാരനായ അര്‍ഷ്ദീപിന് ഫൈറ്റര്‍ പൈലറ്റ് വിങ്സ് സമ്മാനിച്ചത്. യുകെ മിലിട്ടറി ഫ്ലയിങ് ട്രെയിനിങ് സിസ്റ്റത്തിന്റെ ഭാഗമായി ആര്‍എഎഫ് വാലിയിലെ നാലാമത് ഫ്ലയിങ് ട്രെയിനിങ് സ്കൂളില്‍ ടെക്സാന്‍ വിമാനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ സിഖ് ട്രെയിനി എന്ന നേട്ടവും അര്‍ഷ്ദീപിന് സ്വന്തമാണ്.
1998ല്‍ ചണ്ഡീഗഢിലാണ് അര്‍ഷ്ദീപ് സിങ് ഡാങ് ജനിച്ചത്. ആറാം വയസ്സില്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയ അദ്ദേഹം പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളിലാണ് വളര്‍ന്നത്. പിതാവ് ജഗ്ദീപ് സിങ് ഡാങിന്റെ കുടുംബവേരുകള്‍ ലുധിയാനയിലും മാതാവ് ഗഗന്‍ദീപ് കൗറിന്റെ കുടുംബവേരുകള്‍ അമൃത്സറിലുമാണ്. ബ്രിസ്റ്റല്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രവും തത്ത്വചിന്തയും പഠിച്ച അര്‍ഷ്ദീപ് 2022 ഫെബ്രുവരിയില്‍ ആര്‍എഎഫ് ഓഫിസര്‍ പരിശീലനം പൂര്‍ത്തിയാക്കി. 2023ല്‍ എലിമെന്ററി ഫ്ലയിങ് പരിശീലനം ആരംഭിച്ച അദ്ദേഹം 2024ല്‍ ഫാസ്റ്റ് ജെറ്റ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2025 മാര്‍ച്ചില്‍ ഫാസ്റ്റ് ജെറ്റ് ലീഡ്-ഇന്‍ പരിശീലനവും ജൂലൈയില്‍ ബേസിക് ഫാസ്റ്റ് ജെറ്റ് പരിശീലനവും ആരംഭിച്ചു. 2025 ഒക്ടോബറില്‍ ടെക്സാന്‍ വിമാനത്തില്‍ ആദ്യ സോളോ പറക്കല്‍ പൂര്‍ത്തിയാക്കിയ അര്‍ഷ്ദീപ് 2026 ജൂലൈയില്‍ അന്തിമ വിങ്സ് ടെസ്റ്റും വിജയിച്ചു.
ഫൈറ്റര്‍ പൈലറ്റ് വിങ്സ് ലഭിച്ചെങ്കിലും ഫ്രണ്ട്ലൈന് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് മുമ്പ് ഏകദേശം ഒരു വര്‍ഷം കൂടി തീവ്രപരിശീലനം അര്‍ഷ്ദീപിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അര്‍ഷ്ദീപിന്റെ പൈലറ്റാകാനുള്ള സ്വപ്നത്തിന് പിന്നില്‍ കുടുംബത്തിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആഗ്രഹവുമുണ്ട്. പിതാമഹനായ സര്‍ദാര്‍ സന്തോഖ് സിങ് ഡാങിന് തന്റെ മകന് ജഗ്ദീപ് പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ജഗ്ദീപിന് ആറു വയസ്സുള്ളപ്പോള്‍ സന്തോഖ് സിങ് മരിച്ചു. പിന്നീട് മാതാപിതാക്കളുടെ പ്രോത്സാഹനമാണ് അര്‍ഷ്ദീപിനെ വ്യോമസേനയിലേക്കും പൈലറ്റാകാനുള്ള സ്വപ്നത്തിലേക്കും നയിച്ചത്. തനിക്ക് പൈലറ്റാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് മാതാപിതാക്കളാണെന്നും ഒടുവില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും അര്‍ഷ്ദീപ് പറഞ്ഞു.
രാജ്യാന്തര തലത്തില്‍ സിഖ് സമൂഹത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ അര്‍ഷ്ദീപ്, ഈ നേട്ടം തനിക്കൊപ്പം അവസാനിക്കരുതെന്നും പറഞ്ഞു. കൂടുതല്‍ സിഖ് യുവാക്കളും യുവതികളും വ്യോമസേനയിലേക്കും വ്യോമയാന മേഖലയിലേക്കും കടന്നുവരാന്‍ തന്റെ നേട്ടം പ്രചോദനമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്തും സിഖ് പൈലറ്റുകള്‍ ബ്രിട്ടിഷ് വ്യോമസേനയില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹാര്‍ദിത് സിങ് മാലിക്കും സ്ക്വാഡ്രണ്‍ ലീഡര്‍ മൊഹീന്ദര്‍ സിങ് പുജ്ജിയും സിഖ് വ്യോമയാന ചരിത്രത്തിലെ പ്രമുഖ മുന്‍ഗാമികളാണ്. ആ പാരമ്പര്യത്തിലേക്കാണ് അര്‍ഷ്ദീപ് സിങ് ഡാങ് പുതിയൊരു ചരിത്ര അധ്യായം കൂടി ചേര്‍ത്തിരിക്കുന്നത്.